KERALALATEST

എക്‌സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയര്‍ത്തി; ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: എക്‌സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോല്‍പ്പെട്ടിയിലാണ് സംഭവം. എക്‌സൈസ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ്, ആന കൊമ്പ് കൊണ്ട് കുത്തി ഉയര്‍ത്തി. തലനാരിഴയ്ക്കാണ് ജീവനക്കാര്‍ രക്ഷപെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായതെന്ന് മന്‍സൂര്‍ അലി പറഞ്ഞു. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നുവെന്ന് മന്‍സൂര്‍ അലി പറയുന്നു.
‘മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഞങ്ങള്‍ ബഹളം വെച്ചതോടെയാണ് ആന പിന്‍മാറിയത്. ടയര്‍ നിലത്ത് തൊട്ടതോടെ ഡ്രൈവര്‍ മനോധൈര്യം കൈവിടാതെ വാഹനം ഇരപ്പിച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ വാഹനത്തിന് സാരമായ തകരാറുകള്‍ സംഭവിച്ചു’ മന്‍സൂര്‍ അലി പറഞ്ഞു.
നിസ്സാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker