കൊച്ചി: ഭക്ഷ്യസുരക്ഷക്ക് കീടനാശിനികളും മലേറിയ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ആവശ്യമായ ഉത്പന്നങ്ങളും ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ ഉല്പാദിപ്പിക്കുവാന് 1957 ല്‍ ജവഹര്‍ ലാല്‍ നെഹ്റു സ്ഥാപിച്ച ഹില്‍ ഇന്ത്യ എന്ന ഫാക്ടറി രസായനിയിലും ,ഭട്ടിന് ഡായിലും ഏലൂരിലും കൂടി 3 ഫാക്ടറികളാണ്. കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടി ലൈസേഴ്സിന്റെ കീഴില്‍ ഉള്ളതാണ് ഈ സ്ഥാപനം. എച്.ഐ.എല്ലിലെ ഉത്പന്നങ്ങള്‍ പലതും നിരോധിച്ചതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഫാക്ടറിയില്‍ കാര്യമായ ഉത്പാദനം നടക്കുന്നില്ല. നിലവില്‍ ഏലൂരിലെയും പഞ്ചാബിലേയും ഫാക്ടറികള്‍ അടച്ചു പൂട്ടുവാന്‍ നീതി ആയോഗ്, കമ്പനി മാനേജ്മെന്റുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. 101 സ്ഥിര ജീവനക്കാരും 200 ഓളം താത്കാലിക ജീവനക്കാരുമുള്ള കേരളത്തിലെ ഫാക്ടറി അടച്ചുപൂട്ടാ തിരിക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും സംസ്ഥാന ഗവണ്മെന്റ് ഇടപെടണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് തൊഴിലാളി യൂണിയനുകള്‍ നിവേദനം നല്കി. 43 ഏക്കര്‍ ഭൂമിയും ഫാക്ടറിയുമാണ് ഏലൂരില്‍ ഉള്ളത്. ഫെര്‍ട്ടിലൈസര്‍ ട്രേഡിങ്ങ് ലൈസന്‍സ് ഉള്ള ഹില്ഇന്ത്യ കമ്പനിയെ ഫെര്‍ട്ടിലൈസേര്‍ ആന്‍ഡ് കെമിക്കല്‍ മന്ത്രാലയത്തിന്റെ കീഴില്‍ ഒരു മതിലിന്റെ തൊട്ടടുത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ് .എ.സി.ടി.യുടെ സബ്സിഡിയറി ആയോ ലയിപ്പിച്ചോ മതിയായ നവീകരണം നടത്തി പ്രവര്‍ത്തി ക്കുവാന്‍ കഴിയുന്നതാണ്. ഹില്ഇന്ത്യ കമ്പനിക്ക് ക്രെഡിറ്റേഴ്സ്, തൊഴിലാളികള്‍ ഉള്‍പ്പെടെ 20 കോടി രൂപയുടെ ബാധ്യത മാത്രമാണുള്ളത്. എഫ്.എ.സി.ടി യുമായോ തൊട്ടടുത്ത കിടക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടി.സി.സിയുമായോ അല്ലെങ്കില്‍ കേരള വ്യവസായ വകുപ്പ് സ്വന്തമായോ ഈ ഫാക്ടറി ഏറ്റെടുത്ത് നമ്മുടെ ഏറ്റവും പഴക്കം ചെന്ന ഈ പൊതുമേഖലാ സ്ഥാപനത്തെയും അവിടത്തെ ജീവനക്കാരെയും സംരക്ഷിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് മുന്‍കൈ എടുക്കണം എന്ന് യൂണിയന് നേതാക്കളായ കെ.കെ.ഇബ്രാഹിംകുട്ടി , കെ.എന്‍.ഗോപിനാഥ്, വി.മനോജ്, വി.എ.സക്കീര്‍, കെ.എന്‍.രൂപേഷ്, മെല്വിന് ആന്റണി എന്നിവര്‍ വ്യവസായ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.