LATESTKERALA

എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വീട്ടില്‍ ദുരൂഹനിലയില്‍ കുഴഞ്ഞുവീണുമരിച്ച എട്ടാം ക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

തിരുവനന്തപുരത്തെ സ്കൂളിൽ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മൂന്നാഴ്ചമുമ്പ് മരിച്ചത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് വിദ്യാര്‍ഥിനി. മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.

കൂട്ടുകാരോടൊപ്പം പുറത്തുപോകാന്‍ വസ്ത്രംമാറാന്‍ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ഒന്നിന് മരിച്ചു.

പെണ്‍കുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പീഡനത്തെത്തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.

മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേടായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. അന്വേഷണസംഘം ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ത്തു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നില്‍ ലഹരിസംഘങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker