കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത് അഞ്ച് ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ ദിവ്യയുടെ മൊഴി നിര്‍ണായകമെന്നിരിക്കെ, റവന്യൂ വകുപ്പ് അന്വേഷണത്തിലും അവര്‍ക്ക് സാവകാശം നല്‍കുകയാണ്.
കൃത്യം ഒരാഴ്ച്ച മുമ്പാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപ വാക്കുകളും ആരോപണങ്ങളും കേട്ട് എഡിഎം നവീന്‍ ബാബു ഇറങ്ങിപ്പോയതും പിന്നീട് ജീവനൊടുക്കിയതും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രതിയായിട്ടും പ്രതിഷേധമുണ്ടായിട്ടും ദിവ്യക്ക് സാവകാശം നല്‍കുകയാണ് പൊലീസ്. എഫ്‌ഐആറില്‍ പേര് ചേര്‍ത്തിട്ട് തന്നെ അഞ്ച് ദിവസം കഴിഞ്ഞു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവരുടെ മൊഴിയെടുത്തിട്ടും ദിവ്യയിലേക്ക് എത്തിയില്ല പൊലീസ്. അവര്‍ ഇരിണാവിലെ വീട്ടിലില്ലെന്നാണ് വിവരം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചു. പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.വ്യാഴാഴ്ചയിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ കുുടംബവും കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ദിവ്യക്ക് സൗകര്യം പൊലീസ് വക മാത്രമല്ല. റവന്യൂ വകുപ്പ് അന്വേഷണത്തിലും അവരുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു ലാന്‍ഡ് റവന്യൂ ജോ.കമ്മീഷണര്‍ എ ഗീത തന്നെ പറഞ്ഞത്. എഡിഎമ്മിനെതിരെ ആരോപണമുന്നയിച്ചത് എന്തിന്? കൈക്കൂലി പരാതിക്ക് തെളിവെന്ത് പെട്രോള്‍ പമ്പിന്റെ എന്‍ഓസിയില്‍ താത്പര്യമെന്ത്? എഡിഎമ്മിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ദിവ്യയില്‍ നിന്ന് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളേറെയാണ്. എല്ലാം പുകമറയില്‍ നില്‍ക്കുമ്പോഴും പക്ഷേ പൊലീസ് അനങ്ങുന്നില്ല.
66 1 minute read