BREAKINGKERALA
Trending

എഡിഎം നവീന്‍ ബാബുവിന്റെ മരണം; റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടാന്‍ പൊലീസ്

naveenകണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടാന്‍ പൊലീസ്. എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലന്‍സ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെയാണ് ഉത്തരവ്.
പി പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് പൊലീസ്. ഇതുവരെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് തേടുന്നത്. കളക്ടര്‍ ഉള്‍പ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാന്‍ഡ് റവന്യൂ ജോയിന്റെ കമ്മീഷണര്‍ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഫോണ്‍ വിളി രേഖകളുള്‍പ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.
ഒക്ടോബര്‍ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. വിജിലന്‍സ് ഓഫീസിലേക്ക് പ്രശാന്ത് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.40ന് വിജിലന്‍സ് ഓഫീസ് ഭാഗത്ത് നിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ നാളെ തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയും. 10 ദിവസമായി പളളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ ഇപ്പോഴുള്ളത്.

Related Articles

Back to top button