തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ട്. സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വിശദീകരണത്തില്‍ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിലുളളത് കണ്ടെത്തലുകള്‍ മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നുമാണ് വിവരം. എഡിജിപിക്കെതിരെ നടപടിയെടുക്കുന്നത് ഇനിയും വൈകിക്കരുതെന്ന കടുത്ത നിലപാടിലുള്ള സഖ്യകക്ഷികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതില്‍ മുന്നിലുള്ള സിപിഐയില്‍ വിഷയം ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.
മാമി തിരോധാന കേസ് , റിദാന്‍ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അതേസമയം കേസുകള്‍ അട്ടിമറിക്കാന്‍ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഡിജിപി ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ സാധ്യയുണ്ട്. തിങ്കളാഴ്ചക്കുള്ളില്‍ എഡിജിപിക്കെതിരെ നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് സിപിഐക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപിയെ മാറ്റിനിര്‍ത്തിയത് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് വിലയിരുത്തുന്നത്.
43 Less than a minute