BREAKINGKERALA
Trending

എഡിജിപിയെ മാറ്റി; വിജയമെന്ന് സിപിഐ; പ്രഹസനമെന്നും രക്ഷാപ്രവര്‍ത്തനമെന്നും പ്രതിപക്ഷം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയിലും വിവാദം കനക്കുന്നു. എഡിജിപിക്കെതിരായ നടപടി എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് സിപിഐ അവകാശപ്പെട്ടപ്പോള്‍ പ്രഹസനമെന്നും രക്ഷാപ്രവര്‍ത്തനമെന്നുമാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. ‘നിയമസഭയില്‍ കാണാം’ എന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയിട്ടുണ്ട്. ശിക്ഷാ നടപടിയെന്ന് വിളിച്ചാല്‍ നാണക്കേടാണെന്നും എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണെന്നുമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്.

ബിനോയ് വിശ്വം

എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടി സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടതാണെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

വി ഡി സതീശന്‍

എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടത്. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം. നടപടിയില്‍ തൃപ്തിയില്ലെന്നും നിയമസഭയില്‍ കാണാമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അതിന്റെ പേരിലാണ് നടപടിയെങ്കില്‍ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോള്‍ നടപടിയുണ്ടായത്. പൂരം കലക്കിയതിന്റെ പേരിലാണ് നടപടിയെങ്കില്‍ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എ ഡി ജി പി എം.ആര്‍ അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് എ ഡി ജി പി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെത്. നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്നും കെ സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button