KERALABREAKING

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്തിനെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ആകാംക്ഷയാണ്, ഉത്കണ്ഠയാണ്, ചോദ്യമാണ്. എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സി.പി.ഐക്കുമുണ്ട്. കൂടിക്കാഴ്ചയേപ്പറ്റി പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ ജനങ്ങളുടെ സാംസ്‌കാരികോത്സവമായ പൂരം അലങ്കോലമാക്കിയതില്‍ പോലീസിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പൊന്തിവരവെ കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യമുണ്ട്. എല്‍.ഡി.എഫിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല, ഉണ്ടാകുക വയ്യ. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍.ഡി.എഫിനും ആര്‍.എസ്.എസിനും ഇടയില്‍ ഒന്നുമില്ലെന്നും ബിനോയ് വിശ്വം അടിവരയിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ ഒപ്പംപഠിച്ചയാളുടെ ക്ഷണപ്രകാരം ഹൊസബാളയെ കണ്ടിരുന്നുവെന്ന് എം.ആര്‍. അജിത് കുമാര്‍ സമ്മതിച്ചിരുന്നു. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ എ.ഡി.ജി.പി. തൃശ്ശൂരില്‍വെച്ച് കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചത്.
2023 മെയ് 22-നായിരുന്നു എം.ആര്‍.അജിത് കുമാര്‍-ഹൊസബളെ സന്ദര്‍ശനം. പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍.എസ്.എസ്. ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്

Related Articles

Back to top button