എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഐഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.