BREAKING NEWSLATESTWORLD

‘എന്തു ജോലിയും ചെയ്യും’, ഭര്‍ത്താവിനെ വാടകയ്ക്ക് കൊടുക്കാന്‍ യുവതി; പണം കണ്ടെത്താന്‍ പുതിയ മാര്‍ഗം

ലണ്ടന്‍: അധികവരുമാനം കിട്ടാനായി ജോലിയ്‌ക്കൊപ്പം ബിസിനസ് നടത്തുന്നവരും മറ്റു ജോലികള്‍ക്കു പോകുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍ വീട്ടുചെലവിനായി കുറച്ചധികം പണം വേണമെന്നു തോന്നിയപ്പോള്‍ യുകെ സ്വദേശിയായ ഒരു യുവതിയ്ക്ക് വിചിത്രമായ ഒരു ആശയമാണ് മനസ്സില്‍ വന്നത്. മറ്റു സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ വാടകയ്ക്ക് കൊടുക്കാനാണ് യുവതിയുടെ പദ്ധതി. ഇതിനായി വെബ്‌സൈറ്റും ആരംഭിച്ചു.
‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്‍ഡ്’ എന്ന പേരില്‍ യുവതി സ്വന്തം വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ ലോറ യങിന്റേതാണ് പുതിയ ആശയം. മറ്റു വീടുകളില്‍ ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ച് നല്‍കി പണമുണ്ടാക്കുന്ന ഒരാളെക്കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ഉദിച്ചത്. തന്റെ ഭര്‍ത്താവും ഇതുപോലുള്ള എന്തു ചെറിയ ജോലിയും ചെയ്യുമെന്നാണ് ലോറ കണ്ടെത്തിയത്. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പണം നല്‍കി ഉപകാരപ്പെടുത്താനുള്ള വഴിയായിരുന്നു ലോറ തേടിയത്.
മുന്‍പ് ഒരു വെയര്‍ഹൗസില്‍ ജോലിയുണ്ടായിരുന്നെങ്കിലും ലോറയുടെ ഭര്‍ത്താവ് ജെയിംസ് ഇപ്പോള്‍ ഒരിടത്തും ജോലി ചെയ്യുന്നില്ല. ഇവരുടെ ബക്കിങ്ഹാംഷയറിലെ വീട്ടില്‍ സ്വന്തമായി കട്ടിലുകുള്‍ നിര്‍മിക്കുകയും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും എല്ലാം ചെയ്തത് ജെയിംസ് തന്നെയായിരുന്നു. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ഇദ്ദേഹം ഒരു ഡൈനിങ് ടേബിളും ഉണ്ടാക്കി. കൂടാതെ കുറച്ച് പെയിന്റിങും അലങ്കാരപ്പണികളുമൊക്കെ അറിയാം. മുറികളില്‍ കാര്‍പ്പറ്റ് വിരിക്കാനും അത്യാവശ്യം അറിയാം.
വീട്ടിലെയും പറമ്പിലെയും എല്ലാ ജോലികളും നന്നായി ചെയ്യാന്‍ ജെയിംസിന് അറിയാമെന്നാണ് ലോറ പറയുന്നത്. എല്ലാ ജോലികളും അറിയാവുന്ന വ്യക്തിയെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നത് നല്ല ആശയമായിരിക്കുമെന്ന് തോന്നിയെന്നും അവര്‍ ബ്രിട്ടീഷ് മാധ്യമമായ മിററിനോടു പറഞ്ഞു. പുതിയ ബിസിനസിന് ലോറ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പ്രചാരം കൊടുക്കുന്നുമുണ്ട്. അതേസമയം, ഭര്‍ത്താവിനെ വാടകയ്ക്ക് കൊടുക്കുക എന്ന ആശയത്തെ പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നാണ് ലോറയുടെ പരാതി.
‘ആളുകള്‍ക്ക് യഥാര്‍ഥത്തില്‍ ഈ ആശയം ഇഷ്ടപ്പെട്ടു. എന്നാല്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഭര്‍ത്താവിനെ വാടകയ്ക്ക് കൊടുക്കുന്നത് മറ്റെന്തിനോ വേണ്ടിയാണെന്നാണ് അവര്‍ കരുതുന്നത്.’ പണത്തിന് ഏറെ ആവശ്യമുണ്ടെങ്കിലും ഒരിക്കലും അങ്ങനെയാരു പദ്ധതിയില്ലെന്നും ലോറ വ്യക്തമാക്കുന്നു.
വീട്ടിലെ ചെറിയ ജോലികള്‍ക്കു ബില്‍ഡര്‍മാര്‍ക്ക് തീരെ താത്പര്യമില്ലെന്നും ഇതിന് പലപ്പോഴും അവര്‍ വലിയ തുകയാണ് ഈടാക്കുന്നതെന്നും ലോറ ചൂണ്ടിക്കാട്ടി. എന്നാല്‍ ഓണ്‍ലൈനായി വാങ്ങുന്ന ഫര്‍ണിച്ചര്‍ കൂട്ടിയോജിപ്പിക്കുക, ഷെല്‍ഫുകള്‍ സ്ഥാപിക്കുക, ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയ ചെറിയ ജോലികള്‍ ജെയിംസ് നന്നായി ചെയ്യും.
മുന്‍പ് ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയവും ജോലി ചെയ്തിരുന്നെങ്കിലും കുടുംബത്തോടൊപ്പം നില്‍ക്കാനായി ജെയിംസ് ജോലി ഉപേക്ഷിക്കുകയായിരുന്നു. ലോറയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഇരുവര്‍ക്കും ഓട്ടിസമുണ്ട്. ജെയിംസും ഓട്ടിസം ബാധിതനാണെങ്കിലും ഇത്തരം ചെറിയ ജോലികള്‍ നന്നായി ചെയ്യാന്‍ അറിയാമെന്നും ലോറ വ്യക്തമാക്കി.
വീണ്ടും കോളേജില്‍ ചേര്‍ന്ന് മോട്ടോര്‍ മെക്കാനിക്‌സില്‍ പഠനം തുടരാന്‍ ജെയിംസിന് താത്പര്യമുണ്ട്. വാടക ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാനും കുടുംബത്തിന് അധികവരുമാനം കണ്ടെത്താനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് ഇദ്ദേഹവും പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker