യുകെ: വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം വീണ്ടും പരസ്യമാക്കി ‘ഐഎസ് വധു’ എന്നറിയപ്പെടുന്ന ഷമീമ ബീഗം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ല. ബ്രിട്ടനില്‍ മടങ്ങിയെത്തി നിയമനടപടികളും വിചാരണയും നേരിടാന്‍ ഒരുക്കമാണ്. ഇതിനായി തന്നെ യുകെയിലേക്ക് മടക്കിയെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷമീമ ബീഗം വ്യക്തമാക്കി. സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് യുകെയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അവര്‍ വീണ്ടും തുറന്നുപറഞ്ഞത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളോട് ആരാധന തോന്നി ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനില്‍ നിന്ന് 15 വയസ് മാത്രമുള്ളപ്പോഴാണ് ഷമീമ സിറിയയില്‍ എത്തിയത്. 15 വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ഇവര്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം സിറിയയിലേക്ക് കടന്നത്. കദീസ സുല്‍ത്താന (16), അമീറ അബസെ (15) എന്നീ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഷമീമ സിറിയയിലേക്ക് കടന്നത്. ഐഎസിന്റെ ഭാഗമായി സിറിയയില്‍ കഴിയുന്നതിനിടെ ഐ എസില്‍ അംഗമായിട്ടുള്ള നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള യുവാവിനെ വിവാഹം ചെയ്യുകയും ചെയ്തു. ഐഎസിന്റെ പ്രതാപ കാലം അവസാനിക്കും വരെ മൂന്ന് വര്‍ഷത്തോളം യുവാവിനൊപ്പം ജീവിക്കുകയും ചെയ്തു.
ഐഎസിന്റെ കീഴില്‍ കഴിയുന്നതിനിടെ മൂന്ന് പ്രാവശ്യം ഗര്ഭിണിയായിട്ടുണ്ടെന്ന് ഷമീമ ബീഗം വ്യക്തമാക്കിയിരുന്നു. ആദ്യത്തെ രണ്ട് കുട്ടികളും ന്യുമോണിയ ബാധിച്ച് മരിച്ചു. 2019ല്‍ ഗര്‍ഭിണിയായിരിക്കെയാണ് അഭയാര്‍ഥി ക്യാമ്പില്‍ എത്തുന്നത്. ആ സമയത്ത് മൂന്നാമതും ഗര്‍ഭിണിയായിരുന്നു. അവിടെവെച്ച് പ്രസവം നടന്നെങ്കിലും ആ കുട്ടിയും ന്യൂമോണിയ ബാധിച്ച് മരിച്ചുവെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. യുകെയില്‍ നിന്ന് സിറിയയിലേക്ക് പോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളായ രണ്ട് സുഹൃത്തുക്കളിലൊരാള്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെ യുവതിയെക്കുറിച്ചോ തന്റെ ഭര്‍ത്താവിനെക്കുറിച്ചോ ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും ഷമീമ പറഞ്ഞു.
യുകെയിലേക്ക് മടങ്ങിവന്ന് വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് ഷമീമ പറഞ്ഞു. ‘ജീവിക്കാന്‍ കഴിയുന്ന അവസ്ഥയല്ല ഇപ്പോള്‍ സിറിയയിലുള്ളത്. മുന്പത്തേക്കാള് മോശമായ അവസ്ഥയാണ് ഇപ്പോള്‍. യുകെയിലേക്ക് മടങ്ങിവന്ന് നിയമനടപടികള്‍ നേരിടാന്‍ ഒരുക്കമാണ്. സിറിയയില്‍ എത്തിയതാണ് തെറ്റായി കരുതുന്നത്. ജയിലില്‍ പോകാന്‍ പോലും ഒരുക്കമാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം അധികൃതരില്‍ നിന്ന് ലഭിക്കുന്നില്ല. ഐഎസ് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ല. ബ്രിട്ടന് വിട്ടെങ്കിലും ഒരിക്കലും സ്വന്തം രാജ്യത്തെ വെറുത്തിരുന്നില്ല’ എന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബിബിസിയോട് ഇവര്‍ മുന്‍പ് പറഞ്ഞിരുന്നു.
പഠനകാലത്ത് തന്നെ ബ്രിട്ടന് വിടാനുള്ള തീരുമാനം പെട്ടെന്ന് ഉണ്ടായതല്ലെന്ന് ഷമീമ സ്കൈ ന്യൂസിനോട് വ്യക്തമാക്കുന്നുണ്ട്. ‘ ഏറെ ആലോചിച്ചാണ് ബ്രിട്ടന് വിടാനുള്ള തീരുമാനം സ്വീകരിച്ചത്. ബ്രിട്ടന് വിട്ട് സിറിയയില്‍ എത്താനുള്ള തീരുമാനം അബന്ധമായിട്ടാണ് കരുതുന്നത്. ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഒരുക്കമാണ്. ഒരു ബ്രിട്ടീഷ് സ്ത്രീയായതിനാല്‍ എന്റെ ആഗ്രഹപ്രകാരമുള്ള ജീവിതം നയിക്കാന്‍ യുകെയില്‍ കഴിയില്ലെന്ന തോന്നലാണ് സിറിയയിലെക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. പൗരത്വം സ്ഥാപിക്കപ്പെടാനും കുടുംബത്തിനൊപ്പം പോകാനും ആഗ്രഹമുണ്ട്’ എന്നും സിറിയയിലെ അല്‍ റോജ് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഷമീമ വ്യക്തമാക്കി.