തിരുവനന്തപുരം: എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റും കെല്‍ ചെയര്‍മാനുമായ പി കെ രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍. പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണെന്ന് ശശീന്ദ്രന്‍ ആരോപിക്കുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കത്ത് നല്‍കി.
പാര്‍ട്ടി വേദികളില്‍ കൂട്ടായ ചര്‍ച്ചയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതെ വരുമ്പോള്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധം സ്വാഭാവികമാണ്. മന്ത്രിമാറ്റം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്റ് മുന്നോട്ട് പോയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അതിനാല്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകുക എന്നത് ജനാധിപത്യ പാര്‍ട്ടികളില്‍ സ്വാഭാവികമാണ്. പാര്‍ട്ടി ദേശീയ സമിതി അംഗം കൂടിയായ പി കെ രാജന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യ നേതൃത്വത്തിന് മാത്രമെ പാര്‍ട്ടി ഭരണഘടന പ്രകാരം അധികാരമുള്ളൂ. നിലവില്‍ പാര്‍ട്ടി പ്രസിഡന്റ് എടുത്ത തീരുമാനം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ പ്രതികാര മനോഭാവത്തോട് കൂടിയുള്ള ഇത്തരം നടപടികളില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പിന്മാറണമെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
66 1 minute read