ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേര്‍ സന്ദര്‍ശിക്കാനുള്ള നിരോധനാജ്ഞ ലംഘിച്ചതിന് തിങ്കളാഴ്ച അറസ്റ്റിലായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രസ്താവന പുറത്തിറക്കി. തടങ്കലില്‍ വച്ചിട്ട് 38 മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് സംബന്ധിച്ച നോട്ടീസോ എഫ്ഐആറോ കാണിച്ചിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു.
‘തുടര്‍ച്ചയായ നിയമവിരുദ്ധത’ യെക്കുറിച്ച് സംസാരിച്ച പ്രിയങ്ക, തടങ്കലില്‍ വച്ചിട്ട് 38 മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് സംബന്ധിച്ച നോട്ടീസോ എഫ്ഐആറോ തന്നെ കാണിച്ചിട്ടില്ലെന്ന് പറഞ്ഞു. അറസ്റ്റ് ചെയ്ത സീതാപൂര്‍ ഡിസിപി പിയൂഷ് കുമാര്‍ സിംഗ് വാക്കാല്‍ അറിയിച്ചതനുസരിച്ച് തന്നെ അറസ്റ്റ് ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം ഒക്ടോബര്‍ 4 ന് പുലര്‍ച്ചെ 4:30 നാണ് പ്രിയങ്കയെ തടഞ്ഞത്.
‘എന്നെ അറസ്റ്റ് ചെയ്ത സമയത്ത് ഞാന്‍ ലഖിംപൂര്‍ ഖേര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സീതാപൂര്‍ ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുകയായിരുന്നു. എന്റെ അറിവില്‍ സീതാപൂരില്‍ സെക്ഷന്‍ 144 ചുമത്തിയിരുന്നില്ല. ‘ പ്രിയങ്ക പറഞ്ഞു.
രണ്ട് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ, സന്ദീപ് സിംഗ് എന്നിവരോടൊപ്പം ഒരു വാഹനത്തിലാണ് താന്‍ യാത്ര ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എന്നോടൊപ്പമുള്ള നാല് വ്യക്തികളല്ലാതെ ഒരു സുരക്ഷാ കാറോ മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
സീതാപൂരിലെ പിഎസി കോമ്പൗണ്ടിലേക്ക് രണ്ട് സ്ത്രീ കോണ്‍സ്റ്റബിള്‍മാരും, രണ്ട് പുരുഷ കോണ്‍സ്റ്റബിള്‍മാരുമാണ് തന്നെ കൊണ്ടുപോയതെന്നും പ്രിയങ്ക പറഞ്ഞു. എന്നിരുന്നാലും, ഒക്ടോബര്‍ 4 ന് തന്നെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്നതിന് ശേഷം, അറസ്റ്റിന് പിന്നിലെ സാഹചര്യങ്ങളോ കാരണങ്ങളോ സംബന്ധിച്ച് കൂടുതല്‍ ആശയവിനിമയമൊന്നും നടന്നിട്ടില്ലെന്നും അവകാശപ്പെട്ടു.
പിഎസി കോമ്പൗണ്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം, സാഹചര്യങ്ങളോ കാരണങ്ങളോ, അല്ലെങ്കില്‍ എനിക്കെതിരെ ചുമത്തിയ വകുപ്പുകളോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യുപി പോലീസോ ഭരണകൂടമോ 38 മണിക്കൂര്‍ കഴിഞ്ഞിട്ടും എന്നെ അറിയിച്ചിട്ടില്ല പ്രിയങ്ക ഗാന്ധി പറഞ്ഞു. മാത്രമല്ല, എഫ്ഐആറില്‍ ചിലരുടെ പേര് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.തനിക്ക് വസ്ത്രവുമായി എത്തിയവര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലയെന്നും പ്രിയങ്ക അറിയിച്ചു.