BREAKINGNATIONAL

എയിംസിലെ റാങ്കുകാരന്‍ ഡോക്ടര്‍ സ്ത്രീധനം ചോദിച്ചത് 50 കോടി, ചര്‍ച്ചയായി യുവതിയുടെ പോസ്റ്റ്

നമ്മുടെ രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ഇന്നും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സ്ത്രീകളുള്ള നാടാണ് നമ്മുടേത്. എത്ര വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ല, ചിന്തകളില്‍ ഇപ്പോഴും പഴഞ്ചനായിരിക്കുന്ന ആളുകളും ഇവിടെയുണ്ട്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ സുഹൃത്തിനോട് എയിംസിലെ ഒരു ഡോക്ടര്‍ 50 കോടി സ്ത്രീധനം ചോദിച്ചതിനെ കുറിച്ചാണ് ഈ എക്‌സ് (ട്വിറ്റര്‍) പോസ്റ്റില്‍ പറയുന്നത്. എയിംസില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയാണ് യുവതിയുടെ കുടുംബത്തോട് 50 കോടി സ്ത്രീധനം ചോദിച്ചത് എന്നും യുവതിയുടെ സുഹൃത്തിന്റെ പോസ്റ്റില്‍ പറയുന്നു.
തന്റെ സുഹൃത്തിനോട് എയിംസിലെ ഒന്നാം റാങ്കുകാരനായ ഒരു യൂറോളജിസ്റ്റ് 50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു എന്നാണ് യുവതി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. കൂട്ടുകാരിയും ഡോക്ടറാണ്. അനസ്തീഷ്യയില്‍ എം.ഡിക്ക് പഠിക്കുന്ന യുവതിയോടാണ് സ്ത്രീധനം ചോദിച്ചിരിക്കുന്നത്. തന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ പിന്നെയീ വിദ്യാഭ്യാസവും റാങ്കും മെറിറ്റുമൊക്കെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പോസ്റ്റിട്ട യുവതി ചോദിക്കുന്നുണ്ട്.
വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു: ‘എന്റെ സ്‌കൂള്‍ സീനിയറായിരുന്ന ഒരാളെ അറിയാം. പാവമായിരുന്നു. അനാഥനും. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും നോക്കിയിരുന്നത് പ്രിന്‍സിപ്പലായിരുന്നു. ഇപ്പോള്‍ കാര്‍ഡിയോളജിസ്റ്റാണ്. കല്യാണ സമയം വന്നപ്പോള്‍ ആളുടെ ആവശ്യങ്ങള്‍ ഇവയായിരുന്നു: കാത്ലാബ് ഉള്ള ഒരു 3 നില ആശുപത്രി, സ്വത്ത്, 2 കോടി പണമായിട്ടും. രസകരമായ കാര്യം ആ പണം നല്‍കി അവനെ വാങ്ങുന്നയാളെ അവന്‍ വേ?ഗം കണ്ടെത്തി എന്നതാണ്.’
എന്തായാലും, നിരവധിപ്പേരാണ് സമാനമായ കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ സ്ത്രീധന നിരോധനം ഇപ്പോഴും കാര്യമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്ന സത്യത്തിലേക്ക് തന്നെയാണ് ഇതും വിരല്‍ ചൂണ്ടുന്നത്.

Related Articles

Back to top button