കോഴിക്കോട്: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു. പ്രദേശത്തെ ഓടകളില്‍ ഇപ്പോള്‍ ഇന്ധനം പരന്നൊഴുകുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. പ്രശ്നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പ്രതികരിച്ചു.
വൈകീട്ട് നാലുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ധനം ഒഴുകിപ്പരന്നയിടത്തുനിന്ന് ഇപ്പോഴും ഇന്ധനം എടുത്തുമാറ്റി വരികയാണ്. 600 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കണക്ക്. നാട്ടുകാരും ബാരലില്‍ ഇന്ധനം ശേഖരിക്കുന്നുണ്ട്.
എലത്തൂര്‍ എച്ച് പി സി എല്‍ സംഭരണ കേന്ദ്രത്തില്‍ ഇന്ധന ചോര്‍ച്ചയ്ക്ക് കാരണം ഓവര്‍ ഫ്‌ലോ മോണിറ്ററിങ് സംവിധാനം പരാജയപ്പെട്ടതാണെന്ന് എഡിഎം.ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭരണ കേന്ദ്രത്തില്‍ നിന്ന് ഡീസല്‍ സമീപത്തെ ഓവുചാലിലേക്കടക്കം ഒഴുകിയെത്തിയത്. നാട്ടുകാര്‍ ഗന്ധം കൊണ്ട് ഡീസലാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് എച്ച്പിസിഎല്‍ അധികൃതര്‍ പോലും വിവരമറിഞ്ഞത്. സംഭരണ ശാലയിലെ സംഭരണിയില്‍ ഡീസല്‍ നിറയാറാകുമ്പോള്‍ മുഴങ്ങുന്ന സൈറണ്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ഡീസല്‍ പുറത്തേക്ക് ഒഴുകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഓവുചാലില്‍ നിന്ന് ഒഴുകി എത്തിയ ഡീസല്‍ 12 ഓളം ബാരലുകളിലാണ് കോരിഎടുത്ത് മാറ്റിയത്. നിലവില്‍ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എല്‍ മാനേജര്‍ വിശദീകരിച്ചത്. ഇന്ന് പ്ലാന്റില്‍ സംയുക്ത പരിശോധനയ്ക്ക് തീരുമാനമായിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണം, ആരോഗ്യ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സംഭരണ കേന്ദ്രത്തിലെ സുരക്ഷാ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ചോര്‍ച്ചയെന്നും ഇത് പൂര്‍ണമായും നിര്‍ത്തിയെന്നും ഫാക്ടറീസ് ആന്റ് ബോയ്ലേര്‍സ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ എന്‍ ജെ മുനീര്‍ പറഞ്ഞു.
56 1 minute read