BREAKINGKERALA

എല്‍ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നിര്‍ണായക യോഗത്തിന് മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂട്ടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു. യോഗത്തിന് തൊട്ടുമുമ്പ് പരസ്യമായി നിലപാട് പറഞ്ഞ് ഘടകകക്ഷികളും രംഗത്തെത്തി. എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കിയത്. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോയും പ്രതികരിച്ചു. അതേസമയം യോഗത്തിലേക്ക് പോകട്ടെ എന്നുമാത്രമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞത്.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അടക്കം എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടക കക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ തിരുവനന്തപുരം എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തില്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. യോഗത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിന് മുന്‍പ് കൂടിക്കാഴ്ച നടത്തി. എഡിജിപിയെ മാറ്റണമെന്ന് ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണ് വിവരം.

Related Articles

Back to top button