BREAKING NEWSNATIONAL

‘എല്ലാം യുവതിയുടെ ഭാവന’, ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് യുപി പൊലീസ്; പുലിവാല് പിടിച്ച് വനിതാ കമ്മീഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒക്‌ടോബര്‍ 18ന് നടന്ന കൂട്ടബലാത്സംഗക്കേസില്‍ വന്‍ വഴിത്തിരിവ്. കൂട്ടബലാത്സംഗം ആരോപിച്ച ഡല്‍ഹി സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചിലരെ കുടുക്കാന്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കേസാണിതെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ യുവതിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരന്റെ ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയ യുവതിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 36 കാരിയെ കൈകാലുകള്‍ ബന്ധിച്ച നിലയിലും, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലും കണ്ടെത്തിയതായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി ട്വിറ്റ് ചെയ്തിരുന്നു. നിര്‍ഭയാ കേസുമായി സംഭവത്തെ ഉപമിച്ച സ്വാതി മലിവാള്‍, തട്ടിക്കൊണ്ടുപോയവര്‍ രണ്ടു ദിവസം യുവതിയെ പീഡിപ്പിച്ചെന്നും, ഇര ജീവനുവേണ്ടി പോരാടുകയായിരുന്നുവെന്നും പറഞ്ഞു.
ഇതോടെയാണ് കേസ് കൂടുതല്‍ ശക്തമായത്. ഈ കേസിലാണ് യുപി പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കാണാതായ രണ്ട് ദിവസം യുവതി സുഹൃത്തുക്കള്‍ക്കൊപ്പമാണ് കഴിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യുപി മേഖലാ പൊലീസ് മേധാവി പ്രവീണ്‍ കുമാര്‍ പറഞ്ഞു. യുവതിയെ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഒരു സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി ഫോണ്‍ സിഗ്‌നലുകളില്‍ നിന്ന് കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം പോയ കാര്‍ കസ്റ്റഡിയില്‍ എടുത്തതായും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസിയാബാദില്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി അവകാശപ്പെട്ടു. സഹോദരന്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട ശേഷം കാറിലെത്തിയ അഞ്ച് പേര്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച യുവതിയെ കണ്ടെത്തിയപ്പോള്‍ ആദ്യം കൊണ്ടുപോയത് ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്. തുടര്‍ന്ന് മീററ്റിലേക്ക് മാറ്റി. രണ്ടിടത്തും വൈദ്യപരിശോധന നടത്താന്‍ യുവതി വിസമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ബലാത്സംഗക്കേസിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനായി ഇവരില്‍ ഒരാള്‍ പേ ടിഎം വഴി ഒരാള്‍ക്ക് പണം നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആ സുഹൃത്തിനെതിരെ ഇതിനകം മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സ്വാതി മലിവാള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker