ന്യൂഡല്‍ഹി: മുസ് ലിം സഹോദരങ്ങള്‍ക്ക് ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നല്കി സിഖ് സമൂഹം. ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ് ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്ലിം സമൂഹങ്ങള്‍ക്ക് വേണ്ടി ഗുരുദ്വാര തുറന്നു നല്‍കിയത്. പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം അലങ്കോലപ്പെടുത്താന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ചിലര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ നമസ്കരിച്ച് മടങ്ങേണ്ട അവസ്ഥയും സ്ഥലത്ത് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നല്കാന് തീരുമാനിച്ചത്.
ജുമാ നമസ്കാരത്തിന് വേണ്ടി സദര്‍ ബസാര്‍, സെക്ടര്‍ 39, സെക്ടര്‍ 46, മോഡല്‍ ടൗണ്‍, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകള്‍ തുറന്നു നല്‍കുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെര്‍ദില്‍ സിംഗ് സിദ്ദു പറഞ്ഞു.
എല്ലാ മതങ്ങളും ഒന്നാണ്, മനുഷ്യത്വത്തിലും മാനവികതയിലും സിഖ് സമൂഹം വിശ്വസിക്കുന്നു. ഗുരുവിന്റെ വീടാണ് ഗുരുദ്വാര. എല്ലാ മതവിഭാഗക്കാര്‍ക്കും ഇവിടെ വരാം, പ്രാര്‍ത്ഥിക്കാം. മുസ്ലിം വിഭാഗത്തിലുള്ള ആളുകള്‍ പ്രാര്ത്ഥിക്കാനാവശ്യമായ സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിക്കാം.
സിഖ് ഗുരുവായ ഗുരു നാനാകിന്റെ ജന്മദിനമായ നവംബര്‍ 19നാണ് തീരുമാനം നടപ്പിലാക്കുന്നത് എന്ന കാര്യവും സിദ്ദു ചൂണ്ടിക്കാട്ടി. രണ്ടായിരത്തിവേറെ ആളുകളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരകളിലുണ്ട്.
സിഖ് സമൂഹത്തിന്റേത് ഏറ്റവും നല്ലൊരു മാതൃകയാണെന്നും ഇത് സമൂഹത്തിനിടയില്‍ ഐക്യം ഉണ്ടാക്കാന്‍ സഹായിക്കുമെന്നും ജാമിഅത്ത് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു.