BREAKINGKERALA
Trending

എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്, കീഴടങ്ങിയതാണോ?; ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, ഉരുണ്ടുകളിച്ച് പോലീസ്

കണ്ണൂര്‍: രണ്ടാഴ്ചയോളമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോയശേഷം ഒടുവില്‍ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് നടത്തിയത് ഉരുണ്ടുകളി. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സ്ഥിരീകരിച്ചെങ്കിലും ദിവ്യ കീഴടങ്ങിയതാണോ, അതോ പോലീസ് സംഘം പിടികൂടിയതാണോ എന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ദിവ്യയെ എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന ചോദ്യത്തില്‍നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ ഒഴിഞ്ഞുമാറി.
പ്രതിയെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നമ്മുടെ ടീം പുറത്തായിരുന്നു, നോക്കിയിട്ട് കസ്റ്റഡിയിലെടുത്തതാണ്. കസ്റ്റഡിയിലെടുത്തിട്ട് തുടര്‍നടപടികളിലേക്ക് കടക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതിക്ക് നോട്ടീസ് കൊടുത്തിരുന്നു. പ്രതി നിരീക്ഷണത്തിലായിരുന്നു. പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതിനാല്‍ ജാമ്യാപേക്ഷ തള്ളി. ഉടന്‍ തന്നെ പോലീസ് പ്രതിയെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് കസ്റ്റഡിയിലെടുത്ത പി.പി. ദിവ്യയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്. ഇവിടെ പ്രാഥമികചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമാകും കോടതിയില്‍ ഹാജരാക്കുക.
അതേസമയം, ദിവ്യയുടെ കസ്റ്റഡി നാടകമാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം ആരോപിച്ചിട്ടുണ്ട്. ദിവ്യയെ ഒളിപ്പിച്ചത് സി.പി.എം. പാര്‍ട്ടി ഗ്രാമത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദേശപ്രകാരമാണ് ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button