BREAKING NEWSKERALA

എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി: വിവരങ്ങള്‍ മറച്ചുവച്ചു, എംഎസ്എം കോളേജും പ്രതിക്കൂട്ടില്‍

ആലപ്പുഴ: കായംകുളത്തെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. നിഖിലിന്റെ വിവരങ്ങള്‍ കോളേജ് മാനേജ്‌മെന്റ് മറച്ചുവച്ചുവെന്നും ആര്‍ടിഐ വഴി ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ലെന്നുമാണ് കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും ആരോപണം.
നിഖില്‍ തോമസ് എംകോമിന് ചേര്‍ന്ന്ത് മാനേജ്‌മെന്റ് സീറ്റിലാണെന്നും ഇവര്‍ പറയുന്നു. കോളേജില്‍ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്‌മെന്റ് അറിഞ്ഞില്ലെന്നതില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം ആദ്യമാണ് നിഖില്‍ തോമസിന്റെ ബിരുദ വിവരങ്ങള്‍ തേടി കോളേജിലെ എംഎസ്എഫും കെഎസ്യുവും വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞാണ് ആദ്യത്തെ അപേക്ഷ തള്ളിയത്.
പിന്നാലെ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ നിഖില്‍ തോമസിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ ഇതും നിഷേധിക്കുകയായിരുന്നു. ഇതെ കോളേജിലാണ് 2017 -20 ല്‍ നിഖില്‍ ബികോം പഠിച്ചത്. 2019 ല്‍ കോളേജിലെ യുയുസിയായി വിജയിച്ച നിഖില്‍ തോമസ്, പിന്നീട് സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഇതേ കാലയളവില്‍ മറ്റൊരു സര്‍വകലാശാലയുടെ ഡിഗ്രി കൊണ്ടുവന്നിട്ടും ക്രമക്കേട് മാനജ്‌മെന്റ് അറിഞ്ഞില്ലെന്നതിലാണ് സംശയങ്ങള്‍ ഉയരുന്നത്. വിദ്യര്‍ത്ഥി സംഘടനാ നേതാവ് എന്ന നിലയില്‍ കാമ്പസില്‍ സുപരിചതനാണ് നിഖില്‍ എന്നത് ഈ സംശയം ബലപ്പെടുത്തുന്നു.
ബികോം പഠിച്ച് തോറ്റ കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് നിഖില്‍ തോമസിന് ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ്. 2019 മുതല്‍ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചെന്ന് നിഖിലിന്‌റെ വാദം. എംഎസ്എം കോളേജില്‍ നിഖിലിന്‌റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ പെണ്‍കുട്ടിയാണ് സംഭവത്തില്‍ സിപിഎമ്മിന് പരാതി നല്‍കിയത്.
താന്‍ 2019 ല്‍ കേരള സര്‍വകലാശാലയിലെ രജിസ്‌ട്രേഷന് ക്യാന്‍സല് ചെയ്തിരുന്നുവെന്നാണ് നിഖില്‍ ആദ്യം ന്യായീകരിച്ചത്. എന്നാല്‍ 2019 ല്‍ നിഖില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങില്‍ നിന്ന് നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker