BREAKINGKERALA

എസ്എസ്എല്‍സി പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാര്‍ക്കും അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരം ഇനി അറിയാനാവും. എന്നാല്‍ പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന പക്ഷം മാര്‍ക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം മാര്‍ക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് സര്‍ക്കാരിനെ സമീപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ ആര്‍മിയുടെ അഗ്‌നിവീര്‍ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്ക് വിവരം ലഭ്യമാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
മാര്‍ക്ക് വിവരം നേരിട്ട് നല്‍കണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിവരം പരീക്ഷാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തി. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500/ രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനാണ് പരീക്ഷാ കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Related Articles

Back to top button