തിരുവനന്തപുരം: മംഗലപുരം എസ്‌ഐ ആയിരുന്ന അമൃത് സിങിനെ കുടുക്കാന്‍ സിഐ തടവുകാരനെ തുറന്നു വിട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം. മംഗലപുരം സ്റ്റേഷനിലെ സിഐ ആയിരുന്ന എച്ച്.എല്‍.സജീഷിനെതിരെയാണ് അന്വേഷണം. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ സിഐ തുറന്നു വിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെയാണ് എസ്പി അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ കേസുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാസങ്ങള്‍ക്കു മുന്‍പ് സജീഷിനെ സ്ഥലം മാറ്റിയിരുന്നു.
ജനുവരിയില്‍ തടി മോഷണക്കേസില്‍ പിടിയിലായ പ്രതി രാത്രി സ്റ്റേഷനില്‍നിന്ന് ചാടിപ്പോയി. പിറ്റേന്ന് സിഐയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി. വീഴ്ചയുടെ പേരില്‍ എസ്‌ഐ അമൃത് സിങിനെതിരെ സിഐ നടപടിയെടുത്തു. വകുപ്പുതല അന്വേഷണം നടന്നപ്പോള്‍, പ്രതി ചാടിപ്പോയ സമയത്ത് എസ്‌ഐ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നു വ്യക്തമായി. തുടര്‍ന്നാണ് സിസിടിവി പരിശോധിച്ചത്. സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥര്‍ എസ്‌ഐയ്‌ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചു.
ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ സിഐ സജീഷിനെ മംഗലാപുരത്തുനിന്നു മാറ്റി. നിലവില്‍ തൃശൂര്‍ മലക്കപ്പാറ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. എസ്‌ഐ അമൃത് സിങ് നഗരൂര്‍ സ്റ്റേഷനിലും. സിഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് എസ്‌ഐ പ്രതികരിച്ചു.