BREAKINGKERALA

എസ്.ഐ. പ്രതിയെ പിടിക്കാനിറങ്ങിയത് ഗുണ്ടകളെയും കൂട്ടി, ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ചു

കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി.
ചടയമംഗലത്ത് എസ്.ഐ.യായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മര്‍ദിച്ചെന്നും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നുമായിരുന്നു എസ്.ഐ.ക്കെതിരെയുള്ള പരാതി. സുരേഷിന്റെ ഭാര്യയെയും ഇവര്‍ ആക്രമിച്ചിരുന്നു.
ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമാണ് എസ്.ഐ. മനോജിന്റെ ‘അന്വേഷണസംഘ’ ത്തിലുണ്ടായിരുന്നത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എസ്.ഐ. ഒടുവില്‍ പ്രതികളെ പിടികൂടാനും ഗുണ്ടകളെ കൂട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ആലപ്പുഴയില്‍ ജോലിചെയ്യുന്നതിനിടെയും മനോജിനെതിരേ പരാതികളുണ്ടായിരുന്നു.
ദളിത് യുവാവിനെ ഗുണ്ടകളെയും കൂട്ടി മര്‍ദിച്ച സംഭവത്തില്‍ നേരത്തെ കൊട്ടാരക്കര ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്.ഐ. അടക്കം അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

Related Articles

Back to top button