ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാകിസ്താനിലേക്ക്. ഒക്ടോബര്‍ 15, 16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സന്ദര്‍ശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.
2015-ന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്?ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.
ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് (സി.എച്ച്.ജി.) നിലവിലെ അധ്യക്ഷസ്ഥാനം പാകിസ്താനാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ചും പറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനില്‍ രാജ്യത്തിന്റെ ഉന്നതനേതാവ് പോകേണ്ടെന്ന ഇന്ത്യയുടെ നയം ഇക്കാര്യത്തിലും തുടരുമെന്നാണറിയുന്നത്. കഴിഞ്ഞവര്‍ഷം കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടന്ന ഉച്ചകോടിയിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
പാകിസ്താന്‍ തീവ്രവാദത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പാകിസ്താന്‍ സന്ദര്‍ശനം. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ പാകിസ്താന്റെ നയത്തെ എസ്. ജയശങ്കര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദത്തിന് ദീര്‍ഘകാലമായി നല്‍കുന്ന പിന്തുണ വിജയിക്കുകയില്ലെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
83 1 minute read