KERALALATEST

എ.എ.റഹീമിനെതിരെയുള്ള സമര കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കോടതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെതിരായ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമര കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ.റഹീം, മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായ എസ്.അഷിദ, ആര്‍.അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, അബു.എസ്.ആര്‍, ആദര്‍ശ് ഖാന്‍, ജെറിന്‍, അന്‍സാര്‍, എം.മിഥുന്‍ മധു വിനേഷ് വി.എ, ദത്തന്‍, ബി.എസ്.ശ്രീന തുടങ്ങിയവരാണ് കേസിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍. 2017 മാര്‍ച്ച് 30നാണ് സംഭവം.
ഡോ. വിജയ ലക്ഷ്മിയെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തില്‍ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നാണ് പൊലീസ് കേസ്. എ.എ.റഹീം അടക്കമുള്ള പ്രതികള്‍ ജൂണ്‍ 14 ന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിന്‍വലിക്കുന്നത് നീതിയുടെ നിഷേധമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാനായി വിജയലക്ഷ്മിക്ക് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രൊഫസര്‍ സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി പിന്‍വലിക്കല്‍ അപേക്ഷ തള്ളിയത്.

Related Articles

Back to top button