കണ്ണൂര്‍: ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയ പ്രശാന്തനെതിരേ കടുത്ത നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജത് ഖൊബ്രാഗഡെയും ജോയന്റ് ഡയറക്ടര്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡോ. വിശ്വനാഥനും പരിയാരത്തേക്ക് പോകും. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ജോലിയില്‍ സ്ഥിരമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായും സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഡി.എം.ഇയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇയാളാണോ അപേക്ഷകനെന്ന് അറിയില്ല. അതിന് ശേഷം ഇയാള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടില്ല. ഇങ്ങനെയുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് അതിന്റെ ആഗിരണപ്രക്രിയ നടക്കുകയാണ്. എന്നാല്‍ ആഗിരണപ്രക്രിയയില്‍ ഉള്ളയാളാണ്.സര്‍വ്വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) നല്‍കാന്‍ എ.ഡി.എം. നവീന്‍ ബാബു ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നല്‍കിയെന്നുമായിരുന്നു ടി.വി. പ്രശാന്തന്റെ ആരോപണം. ആറുമാസമായി ഈ ആവശ്യത്തിനായി കളക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഫയല്‍ പഠിക്കട്ടെ എന്നു പറഞ്ഞ് എ.ഡി.എം. നീക്കിവെക്കുകയായിരുന്നു. പിന്നീട് പലതവണ എ.ഡി.എമ്മിനെ കണ്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇവര്‍ പരിഗണിക്കണമെന്ന് പറഞ്ഞിട്ടും നടന്നില്ലെന്നും പ്രശാന്തന്‍ ആരോപിച്ചിരുന്നു.
45 1 minute read