അതിസാധാരണക്കാരന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ അമരക്കാരനാകുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിലേത്. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം എന്ന ഏതൊരു രാഷ്ട്രീയക്കാരനേയും മോഹിപ്പിക്കുന്ന ചൂണ്ടയിലാണ് ഈ പെരുമീന്‍ കുടുങ്ങിയത്. ശിവസേനയുടെ അകവും പുറവും ഒരേപോലെ അറിയുന്ന തന്ത്രശാലി അത് ഒരു തുള്ളി ചോര പോലും പൊടിയാതെ നടത്തിയ ഓപ്പറേഷനില്‍ വിജയിച്ചിരിക്കുകയാണ്. മറാത്താ കടുവകളുടെ മടയില്‍ നിന്ന് ബിജെപി അടര്‍ത്തിയെടുത്തത് പക്ഷേ ഒരു അസാധാരണ വ്യക്തിത്വത്തെയാണ്.
മഹാരാഷ്ട്രയിലെ സതാരയിലെ ജവാലി താലൂക്കില്‍ നിന്നുള്ള ഏകനാഥ് ഷിന്‍ഡെ ഉപജീവനത്തിനു വഴി തേടിയാണ് മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള താനെയിലേക്ക് എത്തുന്നത്. താനെയിലെ മംഗള ഹൈസ്കൂള്‍ & ജൂനിയര്‍ കോളേജില്‍ 11ാം ക്ലാസ് വരെ പഠിച്ചു. അതിനു ശേഷം കുടുംബത്തിലെ ദാരിദ്യമകറ്റാന്‍ ഓട്ടോറിക്ഷാ ഓടിച്ചിരുന്നു.
1980ന്റെ തുടക്കത്തില്‍ അന്നത്തെ താനെ ശിവസേന പ്രസിഡന്റ് ആനന്ദ് ദിഗെയാണ് ഷിന്‍ഡെയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ വലിയൊരു ആരാധകവൃന്ദമുള്ള ജനകീയ നേതാവായിരുന്നു ആനന്ദ് ദിഗെ. അദ്ദേഹത്തിന്റെ ഡ്രൈവര്‍ സ്ഥാനത്തേയ്ക്ക് എത്തിയതാണ് ഏകനാഥിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. താനെ മേഖലയിലെ ശക്തനായ നേതാവായിരുന്നു ദിഗെ. ശിവസേന പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം താനെ പൗരന്മാരുടെ പരാതികള്‍ നേരിട്ടു കേള്‍ക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തിരുന്നു. ബാലാസാഹിബ് താക്കറെയുടെ പ്രവര്‍ത്തനശൈലിയില്‍ തന്നെയാണ് ദിഗെയും പ്രശ്നങ്ങളെ നേരിട്ടിരുന്നത്.
2000 ജൂണ്‍ 2 ന്, ഷിന്‍ഡെയുടെ മക്കളായ ദിപേഷും (11 വയസ്സ്), ശുഭദയും (7 വയസ്സ്) മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിനടുത്തുള്ള തടാകത്തില്‍ ബോട്ടിംഗിനിടെ മുങ്ങിമരിച്ചു. അന്ന് താനെ കോര്പ്പറേഷന് അംഗമായിരുന്നു ഷിന്‍ഡേ. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ ഷിന്‍ഡെയെ ജീവിതത്തിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും തിരിച്ചു കൊണ്ടുവന്നത് ആനന്ദ് ദിഗെ ആയിരുന്നു. വിഷാദാവസ്ഥയില്‍ നിന്ന് മോചനം നേടാനായി ഏകനാഥിനെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചുതുടങ്ങി. പിന്നീട് ഷിന്‍ഡേ തിരിഞ്ഞു നോക്കിയിട്ടില്ല. താമസിയാതെ, താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏക്നാഥ് ഷിന്‍ഡെയെ സഭയുടെ നേതാവായി നിയമിച്ചു.
2001ല്‍ ആനന്ദ് ദിഗെ മരണത്തിനു കീഴടങ്ങുമ്പോള്‍ താനെയിലെ മറുപടി ഇല്ലാത്ത ശിവസേനാ നേതാവായി ഏകനാഥ് വളര്‍ന്നിരുന്നു. ശ്രദ്ധാപൂര്‍വം ഡിഗെയെ പ്രതിഫലിപ്പിക്കുന്ന തന്റെ പ്രതിബിംബം ഷിന്‍ഡേ രൂപപ്പെടുത്തി. സമാനമായ താടിയും, ഡിഗെയുടെ അതുല്യമായ പ്രവര്‍ത്തന ശൈലിയും സ്വീകരിച്ചു.താനെ മേഖലയില്‍ സേനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഏകനാഥ് വഹിച്ചത്. സേനയുടെ പ്രധാന രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.
മഹാരാഷ്ട്ര നിയമസഭയില്‍ 2004, 2009, 2014, 2019 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് തവണയായി ഏകനാഥ് ഷിന്‍ഡെ തിരഞ്ഞെടുക്കപ്പെട്ടു. രാജ് താക്കറെയുടെയും നാരായണ്‍ റാണെയുടെയും ശിവസേനയിലെ സംഘടനാ കലാപത്തിന് ശേഷം സേനയുടെ റാലികളില്‍ ജനക്കൂട്ടത്തെ എത്തിച്ചത് ഷിന്‍ഡെ ആയിരുന്നു.
2019ലെ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും ഉദ്ധവിന്റെ രക്ഷനായി ഷിന്‍ഡെ നിലനിന്നു. ഉദ്ധവ് താക്കറെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഷിന്‍ഡെയ്ക്ക് നഗരവികസനവും പൊതുമരാമത്തും (പൊതുസ്ഥാപനങ്ങള്‍) വകുപ്പ് കാബിനറ്റ് മന്ത്രിയായി. അടുത്തിടെ ഉദ്ധവിന്റെ മകനും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കൊപ്പം അയോധ്യയിലേക്കുള്ള യാത്രയിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
കേവലം പത്തു ദിവസം മുമ്പ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഫലം അറിവായ ദിവസമാണ് ഒപ്പമുള്ള എം എല്‍ എമാരുമായി സൂററ്റിലേയേക്ക് അദ്ദേഹം കടന്നത് തുടര്‍ന്ന് അസമിലെ ഗുവാഹതിയിലും തുടര്‍ന്ന് ഗോവയിലും ആ സംഘത്തെ നയിച്ചു.
ഷിന്‍ഡെയുടെ ജീവിച്ചിരിക്കുന്ന ഏക മകനായ ഡോ. ശ്രീകാന്ത് ഷിന്‍ഡെ ഒരു ഓര്‍ത്തോപീഡിക് സര്‍ജനാണ്, അദ്ദേഹം 2014, 2019 തിരഞ്ഞെടുപ്പുകളില്‍ കല്യാണ്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ശിവസേനാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
അപ്രതീക്ഷിതമായ കൊട്ടാര വിപഌത്തിലൂടെയാണ് ഷിന്‍ഡേ വിധാന്‍സഭയുടെ അമരത്തിലെത്തുന്നത്. ഭരണപരിചയത്തിലോ സംഘടനാ ശേഷിയിലോ രാഷ്ട്രീയ തന്ത്രജ്ഞതയിലോ ആരുടേയും പിന്നിലല്ല ഏകനാഥ്. പുറമേ ശാന്തന്, സൗമ്യഭാഷണം… ഷിന്‍ഡേയുടെ ദിനങ്ങള്‍ വരാനിരിക്കുന്നു.