BREAKING NEWSNATIONAL

ഏക സിവില്‍ കോഡ്: പ്രതികരണം സൂക്ഷ്മതയോടെ മതിയെന്ന് കോണ്‍ഗ്രസിന് ഉപദേശം; നിലപാട് കരട് ബില്‍ വന്ന ശേഷം

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിലെ നിയമ വിദഗ്ധ നേതാക്കള്‍ യോഗം ചേര്‍ന്നു. വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരണങ്ങള്‍ നടത്താനും കരട് ബില്‍ വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നും വിദഗ്ധര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിങ്വി, മനീഷ് തിവാരി, വിവേക് തന്‍ഖ, കെ.ടി.എസ്. തുളസി തുടങ്ങിയവരാണ് ശനിയാഴ്ച ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ഇവര്‍ തങ്ങളുടെ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറും.
വിഷയം ഏറെ സങ്കീര്‍ണ്ണമായതിനാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ നേതാക്കള്‍ പ്രതികരണം നടത്താവൂ. ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇവരുടെ നിര്‍ദേശത്തില്‍ പറയുന്നു.
തിടുക്കത്തില്‍ എതിര്‍പ്പുയര്‍ത്തുന്നതും അനുകൂലിക്കുന്നതും തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേരത്തെ കോണ്‍ഗ്രസ് നടത്തിയിരുന്നു. കരട് ബില്‍ വരുന്നത് വരെ കാത്തിരിക്കാനാണ് നേരത്തെ ഇത് സംബന്ധിച്ച് ആ മാസം ആദ്യം ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായത്. അതേ സമയം വൈവിധ്യങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ് ഏക സിവില്‍കോഡെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞിരുന്നു.
‘സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും അതിനോടുള്ള ഞങ്ങളുടെ യോജിപ്പും വിയോജിപ്പും. തുല്യതയുടെ വശങ്ങളെ പിന്തുണയ്ക്കും. ആത്മര്‍ത്ഥതയോടെയാണോ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണോ നീക്കമെന്ന് തിരിച്ചറിയേണ്ടതുണ്ട്’ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ സഖ്യത്തിലും ഭിന്നതയുണ്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും എ.എ.പിയും ഇതിനോടകം ഏക സിവില്‍കോഡിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കരട് വന്നിട്ട് നിലപാട് സ്വീകരിക്കാമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള ചില പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്. ഡി.എം.കെയും മുസ്ലിം ലീഗും എതിര്‍പ്പുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഏക സിവില്‍കോഡിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത് കേരളത്തിലടക്കം ചര്‍ച്ച വിഷയമായ സാഹചര്യത്തിലാണ് പ്രതികരണത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് നിര്‍ദേശം വന്നിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker