ENTERTAINMENTMALAYALAM

‘ഏലിയന്‍ അളിയന്‍’ വരുന്നു, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഉടന്‍

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25’ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിച്ചത്.
ഒരച്ഛനും മകനും അവര്‍ക്കിടയിലെ ഒരു റോബോട്ട് അഥവാ ഹ്യൂമനോയിഡുമായുള്ള ബന്ധമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25’ പറഞ്ഞത്. മലയാളത്തില്‍ ഏറെ പുതുമയുള്ള പ്രമേയമായിരുന്നു അത്.
കുഞ്ഞപ്പന്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തികൊണ്ട് ഇപ്പോഴിതാ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള അറിയിച്ചിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് ഏലിയന്‍ അളിയന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത് .
2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ സ്വീകരിച്ചു. പ്രായമേറിയുള്ള കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് കാഴ്ചവച്ചത്. 2019ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലൂടെയാണ് സുരാജിന് ലഭിച്ചത്.
ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകരെ സ്പര്‍ശിക്കാന്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ സാധിച്ചു.
വാര്‍ധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാമാണ് സിനിമ പറഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker