BREAKING NEWSKERALA

ഏഴുമാസം; കോണ്‍ഗ്രസ് കൂട്ടില്‍ നിന്ന് ചാടിയത് ആറ് നേതാക്കള്‍

ഏഴുമാസത്തിനിടെ കോണ്‍ഗ്രസ് കൂട്ടില്‍ നിന്ന് ചാടിയത് ആറ് നേതാക്കള്‍. ഇതില്‍ ആറാമത്തെ മുതിര്‍ന്ന നേതാവാണ് കെ പി അനില്‍കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട എഐസിസി വക്താവ് പി സി ചാക്കോ ഇപ്പോള്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. കോണ്‍ഗ്രസ് വിട്ട മൂന്നുപേര്‍ എന്‍സിപിയില്‍ പോയപ്പോള്‍ രണ്ടു പേര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഒരാള്‍ ഇപ്പോഴും പടിക്ക് പുറത്തുനില്‍ക്കുന്നു.
2021 മാര്‍ച്ച് 10. ടോം വടക്കന് ശേഷം ദേശീയ തലത്തില്‍ എഐസിസിയുടെ വക്താവായി നിറഞ്ഞുനിന്നിരുന്ന പി സി ചാക്കോ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് അടക്കമുള്ളവരോട് നേരിട്ട് പൊരുതിയ നേതാവായിരുന്നു പി സി ചാക്കോ. ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ കഴിവില്ലായ്മയെ വിമര്‍ശിച്ചായിരുന്നു പടിയിറക്കം. പിന്നീട് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി.
ചാക്കോയുടെ രാജിയെക്കാള്‍ സംസ്ഥാന കോണ്‍ഗ്രസ്സിനെ പിടിച്ചുലച്ചത് തല മുണ്ഡനം ചെയ്ത് പൊട്ടിക്കരഞ്ഞ ലതികാ സുഭാഷിന്റെ രാജിയായിരുന്നു. കെപിസിസി ആസ്ഥാനത്ത് ലതികയുടെ കണ്ണീരുവീണപ്പോള്‍ പല ജില്ലകളിലും പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്യുന്ന ലതികയും ദൃശ്യം രാഷ്ട്രീയ കേരളം മറക്കില്ല. ഏറ്റുമാനൂരില്‍ ഒറ്റയ്ക്ക് പൊരുതി തോറ്റ ലതിക മെയ് 25 ന് എന്‍സിപിയിലെത്തി.
തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബുവും കോണ്‍ഗ്രസ് വിട്ടത്. മാര്‍ച്ച് അവസാനം സുരേഷ് ബാബുവും എന്‍സിപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പാര്‍ട്ടി വിട്ടെങ്കിലും ഗോപിനാഥ് പക്ഷേ പുതിയ താവളം ഉറപ്പിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തെയും കെ സി വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ചെങ്കിലും കെ സുധാകരനുമായുള്ള അടുപ്പമാണ് ഗോപിനാഥിനെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത്. മാത്രമല്ല സ്വന്തം നാടായ പെരിങ്ങോട്ടുകുറിശ്ശിയിലും സമീപ പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും അറിയാം. ഗോപിനാഥ് തിരിച്ചുവന്നാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷിക്കുന്നതും ഇതുകൊണ്ടുതന്നെ.
സമീപകാലത്ത് കോണ്‍ഗ്രസ് വിട്ടവരില്‍ അനില്‍കുമാറിന് മുന്‍പെ സിപിഎമ്മില്‍ ചേര്‍ന്ന നേതാവാണ് പി എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രശാന്തിന്റെ പ്രധാന ശത്രു ഡിസിസി അധ്യക്ഷനായ പാലോട് രവിയായിരുന്നു. കെ സി വേണുഗോപാല്‍ ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് വിമര്‍ശിച്ചു.
നാല് കെപിസിസി അധ്യക്ഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് കെ പി അനില്‍കുമാര്‍. രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇവരോടൊപ്പം സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി. ഒരിക്കല്‍ ഐ ഗ്രൂപ്പിന്റെ മൂര്‍ച്ചയേറിയ നാവ്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനം മാത്രമാണ് പൂര്‍ത്തിയായത്. ഡിസിസി കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതേയുള്ളൂ. ഇനി ആരൊക്കെ കുളത്തില്‍ നിന്ന് ചാടുമെന്ന് കണ്ടറിയണം.
***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker