BREAKINGKERALA

ഏഴ് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 20 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവല്ലം സ്വദേശി ഉണ്ണികുട്ടന്‍ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി ആര്‍. രേഖയാണ് കേസില്‍ വാദം കേട്ടത്. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.
2022 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്ന വീട്ടിലാണ് പ്രതി ഉണ്ണികൃഷ്ണന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈം?ഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവദിവസം കൂടാതെ പലതവണ പീഡനത്തിന് ഇരയായിയെന്ന് കുട്ടി കോടതിയില്‍ മൊഴി നല്‍കി.
ഭയംമൂലം കുട്ടി ആദ്യം സംഭവം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോള്‍ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button