SPORTSCRICKET

ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കില്‍ കളിക്കാന്‍ പോകില്ല; നിലപാടിലുറച്ച് ബിസിസിഐ

 

ഏഷ്യാ കപ്പിന്റെ വേദി പാകിസ്ഥാനിലാണെങ്കില്‍ അങ്ങോട്ട് കളിക്കാന്‍ പോകില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ തീരുമാനത്തില്‍ ഉറപ്പിച്ചു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ ഭീഷണിയുമായി പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തു. ഇക്കാരണത്താല്‍ ഏഷ്യാ കപ്പ് വേദി പാകിസ്ഥാന് നഷ്ടമായാല്‍ ഇന്ത്യ വേദിയാകുന്ന ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ വരില്ലെന്നാണ് പാക് ക്രിക്കറ്റ് അധികൃതരുടെ ഭീഷണി. എന്നാല്‍ എസിസി, ഐസിസി കാര്യങ്ങള്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു ജെയ് ഷായുടെ പ്രതികരണം.

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐ നിലപാട്. ബഹ്‌റൈനില്‍ ഇന്നലെ നടന്ന എസിസി യോഗത്തില്‍ ജെയ് ഷായും ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുമ്പോഴും മറ്റേതെങ്കിലും രാജ്യത്തു കളിക്കാമെന്ന നിലപാട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാക് ബോര്‍ഡ് സമ്മതിച്ചാല്‍ അബുദാബി, ദുബായ്, ഷാര്‍ജ നഗരങ്ങളില്‍ ഏഷ്യാ കപ്പ് നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയ്ക്കായി പോയിട്ടില്ല.

ഏഷ്യാ കപ്പ് നഷ്ടമായാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന ഭീഷണിയാണ് പാകിസ്ഥാന്‍ വിഷയത്തില്‍ ഉയര്‍ത്തിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ജെയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജാം സേഥിയും തമ്മില്‍ തര്‍ക്കമുണ്ടായതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker