തിരുവനന്തപുരം : ഐ എ എസ് തലപ്പത്തെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജന്‍. ഐഎഎസ് രംഗത്തുണ്ടായ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഏതുവിധത്തിലും പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകണം.അതിനെതിരായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലര്‍ത്തിയില്ലെങ്കില്‍ സര്‍വീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും.
കൃത്യമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടുപോകുമെന്നും കെ രാജന്‍ വ്യക്തമാക്കി.
മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്‍ുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം .
55 1 minute read