SPORTSCRICKET

ഐപിഎല്ലില്‍ തുടരണോ എന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തീരുമാനിക്കാം: ഗ്രെയിം സ്മിത്ത്

ജോഹന്നാസ്ബെര്‍ഗ്. കോവിഡ് കേസുകള്‍ ഐപിഎല്‍ താരങ്ങള്‍ക്ക് പിടിപെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഗ്രെയിം സ്മിത്ത്. ക്രിക്കറ്റ് ബോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും ഐപിഎല്ലില്‍ തുടരണോ വേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാമെന്നും സ്മിത്ത് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വ്യാര്‍ക്കുമാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ബാംഗ്ലൂരുമായുള്ള കൊല്‍ക്കത്തയുടെ മത്സരം മാറ്റി വെക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ സഹായത്തിന് ഞങ്ങളുണ്ട്. ഐപിഎല്ലില്‍ തുടരണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം അവരാണ് സ്വീകരിക്കേണ്ടത്. സ്മിത്ത് വ്യക്തമാക്കി.

11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. പ്രധാന താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കഗിസോ റബാഡ, മുന്‍ നായകന്‍ ഫാഫ് ഡൂപ്ലസി എന്നിവരും ഉള്‍പ്പെടുന്നു. കൊല്‍ക്കത്ത ടീമില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇല്ല. പക്ഷെ ബൗളിങ് കോച്ച് ബാലാജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച ചെന്നൈ ടീമിനൊപ്പമാണ് ഇമ്രാന്‍ താഹിറും ഡൂപ്ലെസിയും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ന്യൂസിലന്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് എര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button