BREAKINGNATIONAL

‘ഐ മിസ് യു’, യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമര്‍ശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി


ഇ കൊമേഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഓഫറുകളും മറ്റും അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍, ഉപഭോക്താക്കള്‍ക്ക് വേണമെങ്കിലും വേണ്ടെങ്കിലും ഫോണില്‍ ലഭിക്കുന്നത് ഇന്നത്തെ കച്ചവട സംസ്‌കാരത്തില്‍ സാധാരണമാണ്. അരോചകമെന്ന് തോന്നിയാലും നമ്മളാരും ഇതിനെതിരെ പരാതിപ്പെടാറില്ല. ഇത്തരം സന്ദേശങ്ങളില്‍ ഭൂരിഭാഗവും ഓട്ടോ ജനറേറ്റഡ് സംവിധാനത്തിലൂടെയാണ് അയക്കപ്പെടുന്നത്. എന്നാല്‍, അടുത്തിടെ ഇത്തരത്തില്‍ സന്ദേശം അയച്ച ഒരു കമ്പനി കുഴപ്പത്തിലായിയെന്ന് മാത്രമല്ല, ഒടുവില്‍ ഉപഭോക്താവിനോട് പരസ്യമായി ക്ഷമാപണവും നടത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്‌റ്റോയാണ് ഇത്തരത്തില്‍ ഒരു അബദ്ധത്തില്‍പ്പെട്ടത്.
ബെംഗളൂരുവില്‍ നിന്നുള്ള പല്ലവി പരീഖ് എന്ന യുവതിക്കാണ് സെപ്‌റ്റോയില്‍ നിന്ന് അനുചിതവും താന്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു വസ്തുവിന്റെ പ്രമോഷണല്‍ മെസ്സേജ് കിട്ടിയത്. ”ഞാന്‍ നിന്നെ മിസ് ചെയ്യുന്നു പല്ലവി – ഐ-പില്‍ എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളിക’ എന്നായിരുന്നു യുവതിക്ക് ലഭിച്ച സന്ദേശം. ഇതോടൊപ്പം മൂന്ന് കണ്ണുനീര്‍ ഇമോജികള്‍ കൂടി ചേര്‍ത്തിരുന്നു. ഉടന്‍ തന്നെ പല്ലവി തനിക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയും അതിനെ വിമര്‍ശിച്ച് കൊണ്ട് ലിങ്ക്ഡ്ഇനില്‍ കുറിപ്പെഴുതുകയും ചെയ്തു.
‘താന്‍ ഒരിക്കല്‍ പോലും സെപ്‌റ്റോയില്‍ നിന്ന് ഒരു എമര്‍ജന്‍സി ഗുളിക ഓര്‍ഡര്‍ ചെയ്തിട്ടില്ലന്നും ഇനി അങ്ങനെ ചെയ്താല്‍ തന്നെ എന്തിനാണ് തനിക്ക് ‘മിസ്സ് യൂ’ സന്ദേശം അയക്കുന്നതെന്നും സെപ്റ്റോയെയും സെപ്റ്റോ കെയേഴ്സിനെയും ടാഗ് ചെയ്ത് കൊണ്ട് പല്ലവി തന്റെ സമൂഹ മാധ്യമത്തിലൂടെ അതൃപ്തി അറിയിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) പ്രൊഫഷണലായ പല്ലവി, ഈ പ്രവര്‍ത്തിയിലൂടെ കമ്പനിയുടെ സമീപനം അതിരുകടന്നതായി വിമര്‍ശിച്ചു. ഒരു സന്ദേശം അയക്കുമ്പോള്‍ അതിന് എന്തെങ്കിലും യുക്തിയുണ്ടെങ്കില്‍ മാത്രമേ അയക്കാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അല്ലാത്തപക്ഷം നിങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ മാത്രമേ ആ സന്ദേശങ്ങള്‍ ഉപകരിക്കു എന്നും അവര്‍ വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ക്കിടയിലും, താന്‍ ആപ്പിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഈ പോസ്റ്റ് കമ്പനിയുടെ പിഴവ് ഉയര്‍ത്തിക്കാട്ടാന്‍ ആണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഒപ്പം താന്‍, ഐ-പില്‍ പ്രൊമോയ്ക്കോ ലഭ്യതയ്ക്കോ എതിരല്ലന്നും പല്ലവി വ്യക്തമാക്കി. പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ക്ഷമാപണവുമായി സെപ്‌റ്റോ രംഗത്തെത്തി. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായി പരിശീലനം നല്‍കാന്‍ തീരുമാനിച്ചതായും സെപ്‌റ്റോ വ്യക്തമാക്കി.

Related Articles

Back to top button