BREAKING NEWSKERALALATEST

ഒടുവില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ഒരു വീട് വെക്കുന്നു

കോട്ടയം: ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ബന്ധം കേരളത്തിലാകെ അറിയാവുന്നതാണ്. പുതുപ്പള്ളിയില്‍ ജനപ്രതിനിധിയായി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ട് അന്‍പത് വര്‍ഷം പിന്നിടുകയും ചെയ്തു. പക്ഷേ ഇതുവരെ ജന്മനാട്ടില്‍ സ്വന്തമായി ഒരു വീട് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
പുതുപ്പള്ളിയില്‍ എത്തുന്ന എല്ലാ ഞായറാഴ്ചയും കരോട്ട് വള്ളക്കാലില്‍ തറവാട് വീട് കേന്ദ്രീകരിച്ചായിരുന്നു സന്ദര്‍ശകരെ കണ്ടിരുന്നത്. ഏതായാലും കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാട്ടില്‍ വീടുവെക്കാന്‍ ഒരുങ്ങുകയാണ് ഉമ്മന്‍ചാണ്ടി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്താണ് പുതിയ വീട് പണിയാന്‍ ഒരുങ്ങുന്നത്. പുതുപ്പള്ളി ജംഗ്ഷനില്‍ കറുകച്ചാല്‍ റോഡിന് ചേര്‍ന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി ഉടന്‍ തുടങ്ങുന്നത്.
വീടുപണി യെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെ. ‘ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോള്‍ നടത്തുന്നത്. പക്ഷെ നിങ്ങള്‍ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയില്‍ വരുമ്പോള്‍ കിടക്കാന്‍ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടന്‍ തന്നെ വീട് പണി തുടങ്ങും’ എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
നേരത്തെ മുതല്‍ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട് ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന കേന്ദ്രം. എന്നാല്‍ ഈ വീട്ടില്‍ അദ്ദേഹം രാത്രി കഴിഞ്ഞിരുന്നില്ല. പകരം നാട്ടകം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ആയിരുന്നു താമസം. കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആണ് താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്ത് തന്നെ ഉണ്ട്. ഇത് വരെ തറവാട് വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ ഓഫീസും ഉണ്ടായിരുന്നില്ല. പുതിയ വീടിനോട് ചേര്‍ന്ന് ഓഫീസും നിര്‍മ്മിക്കുന്നുണ്ട്. അതായത് പുതിയ വീട് വരുന്നതോടെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെ ജനക്കൂട്ടത്തിന്റെ കാഴ്ച പുതിയ വീട്ടിലേക്ക് മാറും.
അന്‍പത് വര്‍ഷക്കാലം പുതുപ്പള്ളിയില്‍ ജനപ്രതിനിധി ആയ ഉമ്മന്‍ചാണ്ടി ഏറെ വൈകി വീട് വെക്കുന്നതിലെ കൗതുകം ആണ് ഇപ്പോള്‍ മണ്ഡലത്തിലെ ചര്‍ച്ച.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസുമായി കടുത്ത മത്സരം ആണ് ഉമ്മന്‍ചാണ്ടി നേരിട്ടത്. ഭൂരിപക്ഷം വന്‍ തോതില്‍ കുറഞ്ഞതും ഏറെ ചര്‍ച്ചകള്‍ക്ക് കാരണം ആയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കം കോവിഡ് മഹാമാരിയില്‍ വലിയ സന്നദ്ധ പ്രവര്‍ത്തനം ആണ് നടത്തിവരുന്നത്. ഉമ്മന്‍ചാണ്ടി കൂടുതല്‍ ദിവസം മണ്ഡലത്തില്‍ ശ്രദ്ധ ചെലുത്തി പ്രവര്‍ത്തനം നടത്തി വരികയാണ്. ചാണ്ടി ഉമ്മനും ഉമ്മന്‍ചാണ്ടിക്ക് ഒപ്പം സജീവമായിട്ടുണ്ട്.അതിനിടെ വീടുകൂടി വെക്കുന്നതോടെ പ്രവര്‍ത്തനകേന്ദ്രം പൂര്‍ണമായും പുതുപ്പള്ളി ആക്കാനുള്ള ശ്രമമാണോ എന്ന് ചര്‍ച്ചകള്‍ ഉണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker