കൊച്ചി: ഭൂമി തരം മാറ്റി നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് നീതി. സജീവന്റെ ഭൂമി തരം മാറ്റി നല്കി. സജീവന് നല്കിയ അപേക്ഷയിലാണ് നടപടി. എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്.
വായ്പ ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായാണ് സജീവന് ആത്മഹത്യ ചെയ്തത്. ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി ഒരു വര്‍ഷത്തോളമായി സജീവന് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്നു. മകളുടെ വിവാഹത്തിനും വീട് പുതുക്കിപ്പണിയാനും പണം കണ്ടെത്താനായിരുന്നു സജീവന്റെ ശ്രമം. ഇതിനായി അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്താന്‍ സജീവന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് അറിഞ്ഞത്. പുരയിടമാണെങ്കില്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ എന്ന് ബാങ്ക് അറിയിച്ചിരുന്നു. ഇതോടെയാണ് ഭൂമി തരംമാറ്റാനായി സജീവന് തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയത്.
അടുത്തിടെ സജീവന് ഫോര്‍ട്ട് കൊച്ചിയിലെ ആര്‍ഡിഓ ഓഫീസിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ കുറിപ്പ് എഴുതി വെച്ച ശേഷം സജീവന് തൂങ്ങി മരിച്ചത്. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു കുറിപ്പില്‍ സജീവന് എഴുതിവെച്ചിരുന്നത്. ഉടുമുണ്ടില്‍ തിരുകി വെച്ച നിലയിലാരുന്നു സജീവന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.