BREAKINGKERALA
Trending

ഒന്നര വര്‍ഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ഇന്ന് തന്നെ ലഭിക്കും

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാര്‍ക്ക് കൊടുത്തു തുടങ്ങിയത്. സര്‍ക്കാര്‍ നല്‍കിയ 30 കോടിയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടിയും ചേര്‍ത്താണ് വിതരണം. വൈകീട്ടോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നത്.
നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിയത് 865 കോടി രൂപയാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റില്‍ വകയിരുത്തിയത് 900 കോടി രൂപയാണ്. പെന്‍ഷന്‍ വിതരണത്തിന് കോര്‍പ്പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത്.

Related Articles

Back to top button