BREAKING NEWSLATESTNATIONAL

ഒന്നും മിണ്ടുന്നില്ല, ഒടുവില്‍ കാമുകനുണ്ടെന്ന് തുറന്നു പറഞ്ഞ് യുവതി; യുവാവുമായി ഭാര്യയുടെ വിവാഹം നടത്തി ഭര്‍ത്താവ്

കാണ്‍പൂര്‍: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആയാളുമായി ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവമുണ്ടായത്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലെ കഥയ്ക്ക് സമാനമാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് ഭര്‍ത്താവ് കാമുകനുമായി ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് മാസം മുന്‍പായിരുന്നു ഗുര്‍ഗോണിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പങ്കജ് ശര്‍മ എന്നയാളും കോമള്‍ എന്ന യുവതിയും തമ്മില്‍ വിവാഹം കഴിഞ്ഞത്. എന്നാല്‍ മെയ് മാസത്തില്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഭാര്യ തന്റെ അടുക്കല്‍ നിന്ന് അകലം പാലിക്കുകയായിരുന്നുവെന്ന് പങ്കജ് മാധ്യമങ്ങളോടു പറഞ്ഞു. വിവാഹത്തിനു ശേഷം ഭാര്യയും താനും തമ്മില്‍ കിടക്ക പങ്കിട്ടിട്ടില്ലെന്നും ഭാര്യ അധികം ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും പങ്കജ് പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് പിന്റു എന്നയാളുമായി താന്‍ പ്രണയത്തിലാണെന്ന വിവരം യുവതി വെളിപ്പെടുത്തിയത്. തനിക്ക് കാമുകനെ വിവാഹം ചെയ്യണമെന്നും യുവതി അറിയിച്ചതായി വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് പങ്കജ് സംഭവം ഭാര്യയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കാമുകനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ യുവതിയോടു ആവശ്യപ്പെട്ടെങ്കിലും യുവതി ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ വിഷയം ഗാര്‍ഹിക പീഡന നിരോധന സെല്ലിന്റെയും ആശ ജ്യോതി സെന്ററിന്റെയും മുന്നിലെത്തി. കാര്യങ്ങള്‍ അറിഞ്ഞ അധികൃതര്‍ യുവതിയെും ഭര്‍ത്താവിനെയും കാമുകനെയും അവരുടെ ബന്ധുക്കളെയും ചര്‍ച്ചയ്ക്കായി വിളിക്കുകയായിരുന്നു. കോമള്‍ കാമുകനെ വിവാഹം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ പങ്കജ് വിവാഹത്തിനു സമ്മതിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം നടത്താനായി മുന്‍കൈയെടുത്തതും ഭര്‍ത്താവായ പങ്കജ് ആയിരുന്നു. കോമളിന്റെയും കാമുകന്‍ പിന്റുവിന്റെയും വിവാഹത്തിനായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും പങ്കജ് ആണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഇരുഭാഗത്തെയും ബന്ധുക്കളും മറ്റ് അതിഥികളും പങ്കെടുത്ത വിവാഹം നടന്നത്.
1999ല്‍ പുറത്തിറങ്ങിയ ഹം ദില്‍ കേ ചുകേ സനം എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കഥയുമായുള്ള സമാനത മൂലമാണ് ഈ വിവാഹം ഏറെ ചര്‍ച്ചാ വിഷയമായത്. ഐശ്വര്യാ റായ്, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച ചിത്രം അക്കാലത്ത് വലിയ വിജയമായിരുന്നു. സിനിമയില്‍ ഭാര്യ ഭര്‍ത്താവിനൊപ്പമാണ് നിന്നതെങ്കില്‍ കാണ്‍പൂരില്‍ നടന്ന യഥാ!ര്‍ഥ സംഭവത്തില്‍ യുവതി കാമുകനൊപ്പം പോകാനാണ് സന്നദ്ധത അറിയിച്ചതെന്നതാണ് വ്യത്യാസം. എന്നാല്‍ ഇത്തരം വിവാഹം രാജ്യത്ത് ഇത് ആദ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ബിഹാരിലെ ഭാഗല്‍പൂരില്‍ ഒരാള്‍ വിവാഹം കഴിഞ്ഞു ഏഴു വര്‍ഷത്തിനു ശേഷം ഭാര്യയെ കാമുകനെ വിവാഹം ചെയ്തു നല്‍കിയിരുന്നു. കൂടാതെ 2014ലും സമാനമായൊരു സംഭവം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ഖഗാരിയ ജില്ലക്കാരിയായ സപ്ന കുമാരി 2014ലാലാണ് ഉത്തം മണ്ഡലിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഏഴു വര്‍ഷമായി ഇരുവരും തമ്മില്‍ വിവാഹബന്ധം തുടര്‍ന്നു പോരുകയായിരുന്നു. എന്നാല്‍ ഇതിനടയില്‍ ഒരു വിവാഹത്തിനെത്തിയപ്പോഴാണ് ഉത്തമിന്റെ ബന്ധുവായ രാജു കുമാര്‍ എന്ന യുവാവിനെ സപ്ന കുമാരി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. സപ്നയെക്കാള്‍ പ്രായം കുറഞ്ഞ രാജുവും ഇവരുടെ അടുത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവായ ഉത്തം ഈ ബന്ധത്തെപ്പറ്റി അറിയുകയായിരുന്നു.
ഭാര്യയുടെ പുതിയ ബന്ധത്തെപ്പറ്റി അറിഞ്ഞ ഉത്തം ഇതിനെ എതിര്‍ത്തു. കൂടാതെ ഇരുവരുടെയും മാതാപിതാക്കളും സപ്നയെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ രാജുവുമായുള്ള പ്രണയത്തില്‍ സപ്ന ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായെങ്കിലും കാമുകനെ വിവാഹം ചെയ്യാനുള്ള സപ്നയുടെ ആഗ്രഹത്തെ ഉത്തമും അനുകൂലിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തമിന്റെയും ഇരുവീട്ടുകാരുടെയും ബന്ധുക്കലുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker