BREAKINGKERALA
Trending

ഒപ്പമുണ്ട്, പണം തടസമാകില്ല, നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കും. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കളക്ടേറ്റിലെ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ യോഗത്തില്‍ അവലോകന പ്രധാനമന്ത്രിക്ക് മുന്‍പില്‍ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാധമികസഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളില്‍ നേരിട്ടെത്തി പ്രധാനമന്ത്രി കണ്ടറിഞ്ഞു. ഉരുളെടുത്ത വെള്ളാര്‍മല സ്‌കൂള്‍ പ്രദേശം നടന്നുകണ്ടു. ബെയ്‌ലി പാലത്തിലും മോദിയെത്തി. ഗവര്‍ണ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടായി.

Related Articles

Back to top button