തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അടിയന്തര ഉന്നതതലയോഗം വിളിച്ചു. രാവിലെ 11 മണിയ്ക്കാണ് യോഗം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
ഇന്നലെ നാലുപേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം നടക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ ഉണ്ടായാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നതും യോഗം ചര്‍ച്ച ചെയ്യും. ഇതിനായി ആശുപത്രികള്‍ സജ്ജമാക്കുന്നതിലെ നടപടികളും യോഗം വിലയിരുത്തും. മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.