ഗാസിയബാദ്: ഒമ്പതാം നിലയിലെ ഫ്ളാറ്റില്‍നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞതായും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഗാസിയബാദ് ക്രോസിങ്സ് റിപ്പബ്ലിക്കിലെ ഫ്ളാറ്റില്‍നിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഒമ്പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നാണ് യുവതി വീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അല്പനേരം യുവതി ബാല്‍ക്കണിയില്‍ ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുതൂങ്ങി നില്ക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. വീഡിയോയിലുള്ള ദമ്പതിമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രോസിങ്സ് റിപ്പബ്ലിക്കിലെ സാവിയര്‍ ഗ്രീന്ഐസില് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അപകടത്തിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി അപ്പാര്‍ട്ട്മെന്റിലെ മറ്റു താമസക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നും എന്നാല്‍ വഴക്കിന് കാരണം എന്താണെന്നോ എങ്ങനെയാണ് യുവതി വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതി താഴേക്ക് വീണതിന് പിന്നാലെ ഭര്‍ത്താവ് ഒമ്പതാം നിലയില്‍നിന്ന് ഓടിയെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭര്‍ത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് ഭര്‍ത്താവോ സമീപവാസികളോ ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഏജന്‍സിയോ പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. പോലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് താമസക്കാര്‍ക്കും സുരക്ഷാ ഏജന്‍സിക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിജയ്നഗര്‍ എസ്.എച്ച്.ഒ. മഹാവീര്‍ സിങ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് ബന്ധപ്പെട്ടിരുന്നു. നിലവില്‍ അദ്ദേഹം ഭാര്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണുള്ളത്. വൈകാതെ പോലീസ് സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.