1977-ല്‍ സംഘപരിവാറിന്റെ വോട്ടുവാങ്ങി നിയമസഭയിലേയ്ക്ക് എത്തിയ ചരിത്രമാണ് പിണറായി വിജയനുള്ളതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. ഇന്ന് കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നുവെന്ന് സഖാക്കള്‍ പോലും സംശയിക്കുന്നുവെന്നും കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
‘ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നുവെന്ന് സഖാക്കള്‍ പോലും സംശയിക്കുന്നു. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്നാണ് ഇവരുടെ സംശയം. ഞങ്ങളുടെ കൈയില്‍ ഒരു അന്വേഷണ ഏജന്‍സിയും ഇല്ല. എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം ഞങ്ങളോട് പറയണ്ട, പക്ഷേ പൊതുസമൂഹത്തോട് പറയണം. എഡിജിപിയെ മാറ്റേണ്ട സാഹചര്യം ഒരുപാട് നാളുമുന്‍പേ ഉയര്‍ത്തിയതാണ്. എഡിജിപിയുടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പുറത്തുവന്നത്. ഭരണപക്ഷ എം.എല്‍.എ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു. സിപിഐ ശക്തമായി രംഗത്തുവന്നു. എന്തിനുവേണ്ടിയാണ് നിയമസഭ സമ്മേളനം തുടങ്ങുന്നതിന് തലേന്ന് വരെ അദ്ദേഹത്തെ സംരക്ഷിച്ചത്. എന്തിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ല.
സിപിഎമ്മിലെ എത്രയോ സഖാക്കന്മാരെ വെട്ടിക്കൊന്ന സംഘപരിവാറിനോട് എന്തിന് വിധേയപ്പെടുന്നുവെന്ന് സാധാരണ സഖാക്കന്മാര്‍ ആലോചിക്കുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണ് ആര്‍.എസ്.എസിന് മുന്നില്‍ ഈ പാര്‍ട്ടിയെ അടിയറവ് വെക്കുന്നത്. ഇതിന് കാരണമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെ തല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കക്ഷത്തിലായത് 2024 ജനുവരി 31 മുതലാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസില്‍ ഹൈക്കോടതി വിധി പറയാന്‍ തയാറെടുക്കുമ്പോള്‍ അന്വേഷണം ആരംഭിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതിയുടെ കൈയില്‍ നിന്ന് കേസ് എടുത്ത് മാറ്റാന്‍ വേണ്ടിയായിരുന്നു. ഏട്ടുമാസം സമയം കൊടുത്തു. എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം പുറത്തുവരാത്തത്. എന്തിനാണ് ഇപി ജയരാജന്‍ ജാവദേക്കറുമായി ചര്‍ച്ച നടത്തിയത്. എന്തിനാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റിയത്. ഇതിനൊന്നും നിങ്ങള്‍ക്ക് മറുപടിയില്ല. സിപിഎമ്മും ആര്‍.എസ്.എസുമായുള്ള ബന്ധമാണ് ഇതില്‍ കാണുന്നത്’, മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുമേല്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ചര്‍ച്ച. ആരോ?ഗ്യ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രിക്ക് സഭയില്‍ എത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
78 1 minute read