വിക്രവാണ്ടി: ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍.. ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗം. തോഴാ എന്ന് കേള്‍വിക്കാരെ അഭിസംബോധന. ഓരോ വിഷയത്തിനും ചേരുംവിധത്തില്‍ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റല്‍. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയുടെ പ്രസംഗം. ‘ഒരു മുടിവോടെ താന്‍ വന്തിരിക്കേന്‍, നോ ലുക്കിങ് ബാക്ക്’ എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികള്‍ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്.
പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. തൊഴില്‍ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് ആരോപിച്ചു.
രാഷ്ട്രീയത്തില്‍ ഞാനെരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
ഗവര്‍ണര്‍ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകരുടെ വിളകള്‍ക്കു മികച്ച വില ഉറപ്പാക്കും എന്നതടക്കമുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ പാസാക്കി. അച്ഛനില്‍നിന്നും അമ്മയില്‍നിന്നും വിജയ് അനുഗ്രഹം വാങ്ങി. ഭഗവദ് ഗീതയ്ക്കൊപ്പം ഖുര്‍ആനും ബൈബിളും പ്രവര്‍ത്തകര്‍ വിജയ്ക്കു സമര്‍പ്പിച്ചു. ആരാധകര്‍ നല്‍കിയ ‘വീരവാള്‍’ സമ്മേളനവേദിയില്‍ വിജയ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പതിനായിരങ്ങള്‍ ആരവമുയര്‍ത്തി. ടിവികെ സമ്മേളനവേദിയില്‍ ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ക്കൊപ്പം വിജയുടെ കട്ടൗട്ടും ഉയര്‍ത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
വിജയ്യുടെ പ്രസംഗത്തില്‍നിന്ന്: ”ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്കു മുന്നില്‍ ഒരു പാമ്പ് ആദ്യമായി വന്നാല്‍ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും, എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം, ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണു നിങ്ങളുടെ അവസരം. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്തു കളിക്കാന്‍ ആരംഭിച്ചാല്‍ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണം. സദസ്സില്‍ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളില്‍ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം. രാഷ്ട്രീയം മാറണം അല്ലെങ്കില്‍ മാറ്റും. കാഷ് അല്ല കോസ് ആണ് (പണമല്ല, പൊതുനന്മയാണ്) പാര്‍ട്ടിയുടെ നയം. ഇവിടത്തെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല. നന്‍പാ, തോഴാ, തോഴി നമ്മള്‍ക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍. എന്നെ വിശ്വസിക്കുന്നവര്‍ക്കു നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല”.
75 1 minute read