BREAKING NEWSLATESTNATIONAL

ഒരു തേങ്ങയുടെ വില 6.5 ലക്ഷം, ചുമ്മാ വാങ്ങിയതല്ല ഭാഗ്യം വരാന്‍ ക്ഷേത്രത്തില്‍ നിന്നു ലേലം പിടിച്ചതാ

ബാഗല്‍കോട്ട്: ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്താല്‍ ക്ഷേത്രത്തില്‍ ലേലം ചെയ്ത തേങ്ങ 6.5 ലക്ഷം രൂപയ്ക്ക് വാങ്ങി വ്യാപാരി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ജമഖണ്ടിയില്‍ നിന്നുള്ള വ്യാപാരിയായ മഹാവീര്‍ ഹരകെ ആണ് ലക്ഷങ്ങള്‍ ചെലവഴിച്ച് തേങ്ങ വാങ്ങിയത്.
പ്രദേശത്തെ ക്ഷേത്രത്തില്‍ ശ്രീ ബീരലിംഗേശ്വര്‍ മേളയുടെ ഭാഗമായി ശ്രാവണത്തിന്റെ അവസാന ദിവസമായ കഴിഞ്ഞ ബുധനാഴ്ച മലിംഗരായ ക്ഷേത്ര കമ്മിറ്റി നടത്തിയ ലേലത്തില്‍ പങ്കെടുത്താണ് വിജയപുര ജില്ലയിലെ ടിക്കോട്ട ഗ്രാമത്തിലെ പഴം വില്‍പ്പനക്കാരനായ ഹരകെ തേങ്ങ ലേലത്തില്‍ വാങ്ങിയത്. ഇത്രയും പണം നല്‍കി തേങ്ങാ ലേലത്തില്‍ വാങ്ങിയ എനിക്ക് ഭ്രാന്താണെന്ന് ചിലര്‍ പറയുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റേത് അന്ധവിശ്വസമാണെന്ന് ചിലര്‍ പറയുമായിരിക്കും. എന്നാല്‍ എന്റേത് തികഞ്ഞ ഭക്തിയാണ്’ എന്ന് ഇയാള്‍ പറഞ്ഞു.
വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തേങ്ങ ലേലത്തില്‍ വാങ്ങിയതെന്ന് മഹാവീര്‍ ഹരകെ പറഞ്ഞു. ‘കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ഘട്ടത്തില്‍ ബിസിനസ് മോശം നിലയിലേക്ക് തകര്‍ന്നിരുന്നു. ആ സമയം മലിംഗരയ്യയോട് പ്രാര്‍ഥിച്ചതോടെ മാസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ മാറി. ഇതോടെയാണ് ഇത്തവണ തേങ്ങാ ലേലത്തില്‍ വാങ്ങാന്‍ തീരുമാനിച്ചത്. ദിവ്യമായ തേങ്ങ എന്റെ വീട്ടില്‍ സൂക്ഷിക്കുകയും അത് എല്ലാ ദിവസവും ആരാധിക്കുകയും ചെയ്യും. തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേലത്തില്‍ പങ്കെടുക്കാനും ലേലം കാണുന്നതിനുമായിട്ടായി നിരവധി വിശ്വാസികളും ഗ്രാമവാസികളും ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ശിവന്റെ നന്ദിയുടെ ഒരു രൂപമായാണ് മലിംഗരയ ഭഗവാനെ കണക്കാക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബസു കഡ്‌ലി പറഞ്ഞു. ദേവന്റെ സിംഹാസനത്തില്‍ സൂക്ഷിച്ചിരിക്കുന്ന തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേലത്തിലൂടെ ലഭിച്ച തുക ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ശ്രീ ബീരലിംഗേശ്വര്‍ മേളയുടെ ഭാഗമായി എല്ലാ വര്‍ഷവും തേങ്ങ ലേലം ചെയ്യാറുണ്ടെങ്കിലും ആയിരം രൂപയുടെ മുകളില്‍ ലേലം നടന്നിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പറഞ്ഞു. ഇത്തവണ 1000 രൂപയിലാണ് ലേലം തുടങ്ങിയത്. ലേലം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ലേലത്തുക ഒരു ലക്ഷം രൂപ കടന്നു. ഇതിനിടെ ലേലത്തില്‍ പങ്കെടുത്ത ഒരാള്‍ 3 ലക്ഷം രൂപ വിളിച്ചതോടെ ലേലം അവസാനിച്ചെന്ന് കരുതി. എന്നാല്‍ ഇതിനിടെ മഹാവീര്‍ 6,50,000 രൂപയ്ക്ക് ലേലം വിളിക്കുകായിരുന്നുവെന്ന് സെക്രട്ടറി വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തേങ്ങ ലേലത്തില്‍ വാങ്ങിയ മഹാവീര്‍ ഹരകെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. വിമര്‍ശനം ഉയര്‍ന്നെങ്കിലും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മഹാവീര്‍ ഹരകെ തേങ്ങ ലേലത്തില്‍ വാങ്ങിയതെന്ന വാദമാണ ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker