BREAKINGKERALA

ഒറ്റയടിക്ക് 30 കോടി മുട്ടകളിടും, 2000 കിലോ വരെ ഭാരം, കടലിലെ പാവത്താന്‍; വിഴിഞ്ഞത്ത് അപൂര്‍വ്വയിനം സൂര്യമത്സ്യം

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യബന്ധന തീരത്ത് അപൂര്‍വയിനം സൂര്യമത്സ്യം (ഓഷ്യന്‍ സണ്‍ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യന്‍ സണ്‍ ഫിഷ് അഥവാ കോമണ്‍ മോള – മോള എന്നാണിത് അറിയപ്പെടുന്നത്. രൂപം ഭീമാകാരമാണെങ്കിലും കടലിലെ പാവം മത്സ്യമാണിത്. ആരെയും ഉപദ്രവിക്കാറില്ല.
ഒറ്റനോട്ടത്തില്‍ തിരണ്ടിയെ പോലെയാണ്. എന്നാല്‍ പരന്ന് ഉരുണ്ട രൂപത്തിലുള്ള ഈ മത്സ്യത്തിന് വാലില്ല. ചെറിയ രണ്ടു ചിറകുകളുണ്ട്. വലുപ്പമേറിയ കണ്ണുകളാണ്. മുതുകില്‍ മുള്ള് ഉള്ളിലേക്ക് വളഞ്ഞു പല്ലുകള്‍ മൂടിയ തരത്തിലാണ് ഇവയുടെ ചുണ്ടുകള്‍. അതിനാല്‍ തന്നെ ഒന്നിനെയും കടിക്കാറില്ല. ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. അത് ധാരാളം അകത്താക്കും. ജെല്ലിഫിഷുകളെ ഭക്ഷിക്കുന്നതിനാല്‍ തന്നെ കടലിന്റെ ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതില്‍ ഈ മത്സ്യം വളരെയേറെ പങ്കുവഹിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
ഉള്‍ക്കടലിലാണ് ഇവ കൂടുതലും കാണുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിതോഷ്ണ ജലത്തിലുമാണ് ഇവയുടെ വാസം. സാധാരണ പെണ്‍ സൂര്യ മല്‍സ്യങ്ങള്‍ ഒരേസമയം 300,000,000 യോളം മുട്ടകള്‍ ഇടാറുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ 2000 കിലോഗ്രാം വരെ ഭാരമുണ്ടാകും.കേരളത്തിലെ തീരങ്ങളില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന ഇവയെ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല്‍ ജപ്പാന്‍, കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ വിശിഷ്ട ഭക്ഷണമാണിത്. ഇന്നലെ വിഴിഞ്ഞത്ത് ലഭിച്ച മത്സ്യത്തെ തിരികെ കടലില്‍ ഉപേക്ഷിച്ചു.

Related Articles

Back to top button