BREAKING NEWSKERALA

ഒറ്റ ദിവസം പാസിനായി അപേക്ഷിച്ചത് 1.75 ലക്ഷം പേര്‍, കാര്യം പലതും നിസാരം; ഇന്ന് മുതല്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കും

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ പുലര്‍ത്തിയ ജാ?ഗ്രത ഇക്കുറിയില്ലെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്. നിസ്സാര കാര്യങ്ങള്‍ക്കായാണ് ജനങ്ങള്‍ യാത്രാ പാസിനായി സമീപിക്കുന്നത് എന്ന് പൊലീസും വെളിപ്പെടുത്തുന്നു. ഇതോടെ ഇന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം.
സംസ്ഥാനത്തെ റോഡുകള്‍ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായി ഇപാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം.
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിച്ചതിലും ഭീകരമെന്ന തിരിച്ചറിവിലാണ് അധികൃതര്‍. ഒന്നാം തരംഗത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നെങ്കിലും രണ്ടാം തരംഗത്തിലെ അതിതീവ്ര വ്യാപനവും മരണ നിരക്ക് ഉയരുന്നതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. ഒന്നാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളില്‍ അധികവും മറ്റ് അസുഖങ്ങള്‍ ഉള്ളവരും പ്രായം ചെന്നവരുമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരും ഗുരുതര രോഗങ്ങള്‍ ഇല്ലാത്തവരും മരിക്കന്നതും വെല്ലുവിളി ആകുകയാണ്. കോവിഡ് മുക്തരായ ശേഷവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത് എന്നതും ഗൗരവത്തോടെയാണ് ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും നോക്കിക്കാണുന്നത്.
കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒ.പി. തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പി.പി.ഇ. കിറ്റ്, കൈയുറകള്‍, എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ കോവിഡ് ഒ.പി.കളാക്കി മാറ്റണം. കിടപ്പുരോഗികള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ വീടുകളില്‍ ഓക്‌സിജന്‍ സൗകര്യമൊരുക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മേയ് 31 വരെ കോവിഡ് ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണം. അപകടംപോലെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇതിനുപുറമേ സ്വീകരിക്കാവൂ. കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യമൊരുക്കണം. ഐ.സി.യു. കിടക്കകള്‍ 50 ശതമാനമായി ഉയര്‍ത്തി ഔക്‌സിജന്‍ സൗകര്യം ലഭ്യമാക്കണം. ലാബ് സൗകര്യങ്ങളും മരുന്നുകളും സജ്ജീകരിക്കണം.
എല്ലാ താലൂക്ക് ആശുപത്രിയിലും ഓക്‌സിജന്‍ ബെഡ്ഡുകള്‍ ഒരുക്കണം. കുറഞ്ഞത് അഞ്ചു കിടക്കകളിലെങ്കിലും വെന്റിലേറ്ററുകള്‍ സജ്ജീകരിക്കണം. സി.എസ്.എല്‍.ടി.സി.കള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അവശ്യമുള്ള സ്റ്റിറോയിഡുകളും മരുന്നുകളും സംഭരിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്താന്‍ ടെലി മെഡിസിന്‍ വിഭാഗം അതിജാഗ്രത പുലര്‍ത്തണം.
അതേസമയം, കോവിഡിനെ അതി ജീവിക്കുന്നവര്‍ നേരിടെണ്ടി വരുന്നത് അതിലും വലിയ ദുരിതമാണ് എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായാലും പ്രതിരോധശേഷി നഷ്ടപ്പെട്ടു പോകുന്ന ആളുകളില്‍ മറ്റ് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുകയും അത് മരണത്തിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ കോവിഡ് അതിജീവിച്ച 8 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധകാരണം മരണം സംഭവിച്ചതെന്ന്‌സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ പറഞ്ഞു.

Related Articles

Back to top button