ഒളിംപിക്സ് ടെന്നിസിൽ ചരിത്രം കുറിച്ച് സെർബിയൻ താരം നൊവാക് ജോകോവിച്ച്. വാശിയേറിയ ഫൈനലിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ജോകോവിച്ച് സ്വർണം സ്വന്തമാക്കി. സ്കോർ 7-6(7-3), 7-6(7-2). ഇതോടെ ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരവും മൂന്നാമത്തെ പുരുഷ താരവുമായി ജോകോവിച്ച്.
നാല് ഗ്രാൻസ്ലാം കിരീടത്തിനൊപ്പം ഒളിംപിക്സ് സ്വർണവും നേടുന്നതാണ് ഗോൾഡൺ സ്ലാം. സ്റ്റെഫി ഗ്രാഫ്(1988), ആന്ദ്രെ അഗാസി(1999), റാഫേൽ നദാൽ(2010), സെറീന വില്യംസ്(2012) എന്നിവർ മാത്രമാണ് ഇതിന് മുൻപ് കരിയറില്‍ ഗോൾഡൻ സ്ലാം നേടിയ താരങ്ങൾ. ഒളിംപിക്സ് ടെന്നിസിൽ സ്വർണം നേടുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയാണ് ജോകോവിച്ച്. മുപ്പത്തിയേഴാം വയസ്സിലാണ് ജോകോവിച്ചിന്‍റെ സ്വർണനേട്ടം. അതേസയമം, ഒളിംപിക്സില്‍ പുരുഷ ടെന്നീസ് ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായ അല്‍കാരസിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ടെന്നീസില്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി റെക്കോര്‍ഡിട്ട ജോക്കോവിച്ച് തന്‍റെ അഞ്ചാം ഒളിംപിക്സില്‍16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടെന്നീസ് സ്വര്‍ണം സ്വന്തമാക്കി ഗോള്‍ഡന്‍ സ്ലാം തികച്ചത്. സ്വര്‍ണമണിഞ്ഞശേഷം അല്‍കാരസിനെ ആലിംഗനം ചെയ്തശേഷം ഗ്യാലറിയിലിരുന്ന കുടംബുത്തിന് അടുത്തേക്ക് ഓടിയെത്തി മകളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ജോക്കോവിച്ചിന്‍റെ ദൃശ്യങ്ങള്‍ ആരാധകരുടെ കണ്ണുനിറച്ചു. തന്‍റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിതെന്നും ദേശീയ ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒളിംപിക് സ്വര്‍ണം കഴുത്തിലണിഞ്ഞ് നില്‍ക്കുന്ന നിമിഷത്തെ മറികടക്കാന്‍ മറ്റൊരു നേട്ടത്തിനുമാവില്ലെന്നും ജോക്കോ മത്സരശേഷം പറഞ്ഞു.