BREAKING NEWSWORLD

ഒളിച്ചോടിയതല്ല, ചികിത്സയ്ക്കാണ് പോയത് :മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: ഇന്ത്യ വിട്ടത് ചികിത്സയ്ക്കായെന്ന് വിവാദ വ്യവസായി മെഹുല്‍ ചോക്‌സി. താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും ഡൊമിനിക്കയിലെ ജയിലില്‍ കഴിയുന്ന ചോക്‌സി അവിടുത്തെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മുലത്തില്‍ പറഞ്ഞു. തന്നെ കാണാനും ചോദ്യങ്ങള്‍ ചോദിക്കാനും ഇന്ത്യന്‍ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെന്നും ചോക്‌സി പറയുന്നു.
‘ഇന്ത്യയിലെ നിയമത്തില്‍നിന്ന് ഒളിച്ചോടിയതല്ല, രാജ്യം വിട്ടപ്പോള്‍ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു. യുഎസില്‍ ചികിത്സയ്ക്കായാണ് പോയത്. ഒളിച്ചുകഴിയാന്‍ ഒരു ഉദ്ദേശവുമില്ല. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. കീഴടങ്ങാനുള്ള അഭ്യര്‍ഥനയാണ്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടികള്‍ ആന്റിഗ്വയില്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ കോടതി അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ല.
എന്നെ ഇന്ത്യയിലേക്ക് നാടുകടത്തണോയെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആന്റിഗ്വ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജികള്‍ നല്‍കിയിരുന്നു. എല്ലാ കോടതി നടപടികളിലും താന്‍ ഹാജരായിട്ടുണ്ട്. നിയമം അനുസരിക്കുന്നയാണാണ് ഞാന്‍. മുന്‍പ് ഒരു കേസിലും പെട്ടിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്നാല്‍ ആരോഗ്യം നശിക്കുമെന്ന് പേടിയുണ്ട്. 62 വയസ്സായി. ഗുരുതര രോഗമുള്ളയാളാണ്. പ്രമേഹമുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുണ്ട്. ഹൃദ്രോഗവും മറ്റു പ്രശ്‌നങ്ങളുമുണ്ട്.
ജാമ്യത്തിന് പണം കെട്ടിവയ്ക്കണമെങ്കില്‍ അതിനും തയാറാണ്. അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ചുവെന്ന കേസില്‍ കോടതി നടപടി തീരുന്നതുവരെ രാജ്യത്ത് താമസിക്കാനുള്ള ശേഷിയുണ്ട്. സ്വന്തം സുരക്ഷ ഉറപ്പാക്കാനും കഴിയും’ – 8 പേജുള്ള സത്യവാങ്മുലത്തില്‍ ചോക്‌സി പറയുന്നു. ഇതിനൊപ്പം 2013ല്‍ നേടിയ പൗരത്വത്തിന്റെ പകര്‍പ്പും സമര്‍പ്പിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി തട്ടിയെടുത്ത് 2018ലാണ് ചോക്‌സി ഇന്ത്യ വിട്ടത്. രാജ്യം വിട്ട് ദിവസങ്ങള്‍ക്കുശേഷമാണ് തട്ടിപ്പില്‍ ചോക്‌സിയുടെ പേര് പുറത്തുവരുന്നത്. പിന്നീട് ചോക്‌സി ഇന്ത്യയിലേക്കു വന്നിട്ടില്ല. സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം ചോക്‌സിക്കുനേരെയുണ്ട്.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker