ഒളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്. 75 രാജ്യങ്ങൾ ടി-20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നും ദ്രാവിഡ് പറഞ്ഞു. ഇ എസ് പി എൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം.
“75 രാജ്യങ്ങൾ കളിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഒളിമ്പിക്സിൽ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് നന്നാവും. ഒരുപാട് രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നാൽ അതിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. വിജയകരമാവണം എങ്കിൽ അതിന് അത് ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കാനാവണം. വിക്കറ്റിന്റെ ക്വാളിറ്റി കൊണ്ടാണ് ഐപിഎൽ വിജയകരമാവുന്നത്. അത് നമ്മൾ ഇപ്പോൾ കണ്ടതാണ്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ശരിയായി വരണം. അത്തരം സൗകര്യങ്ങൾ ഒരുക്കാനായാൽ പിന്നെ എന്താണ് പ്രശ്നം? ടി-20 ക്രിക്കറ്റിന്റെ എല്ലാ അർഥത്തിലുള്ള വികാസത്തേയും ഞാൻ പിന്തുണയ്ക്കുന്നു. സാധ്യമാവുമെങ്കിൽ ക്രിക്കറ്റിനെ ഒളിംപിക്സിൽ ഉൾപ്പെടുത്താവുന്നതാണ്. അതിന് സമയം വേണ്ടി വന്നേക്കാം. എങ്കിലും എന്തുകൊണ്ടായിക്കൂടാ”- ദ്രാവിഡ് പറഞ്ഞു.